കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കണം: കമ്മീഷന്
1300785
Wednesday, June 7, 2023 1:15 AM IST
കൊച്ചി : ഞാറയ്ക്കല്‍ പഞ്ചായത്തിലെ കിഴക്കേ അപ്പങ്ങാട് പ്രദേശത്ത് ജല അഥോറിറ്റി നടത്തുന്ന പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കി പരാതികൾക്ക് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷന്. ജല അഥോറിറ്റി കൊച്ചി ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കമ്മീഷന് അധ്യക്ഷനായിരുന്ന ജസ്റ്റീസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.
പ്രദേശത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവിടെ കുടിവെള്ളം കിട്ടുന്നത്. 2019 മാര്‍ച്ച് 12 ന് ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ കമ്മീഷന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ നടപ്പാക്കിയില്ല. എന്നാല്‍ പ്രദേശം കുടിവെള്ള വിതരണ ശൃംഖലയുടെ അവസാന ഭാഗമായതിനാല്‍ എയര്‍ ബ്ലോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വടക്കന്‍ പറവൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു.
പ്രദേശത്തെ പൈപ്പുകള്‍ കാലപഴക്കം ചെന്നവയാണ്. പുതിയ ലൈന്‍ സ്ഥാപിക്കാന്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പണം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ദര്‍ഘാസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജലജീവന്‍ മിഷനില്‍ ചൊവ്വര ജല ശുദ്ധീകരണ ശാലയുടെ പുനരുദ്ധാരണത്തിനായി 482.50 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവ് പാസാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാത്തത് തികച്ചും ഖേദകരമാണെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ത്തി പരതിക്ക് പരിഹാരം കാണാതിരിക്കുന്നത് ശരിയല്ലെന്നും ഉത്തരവില്‍ പറയുന്നു. പ്രദേശവാസിയായ ഉദയന്റെ നേതൃത്വത്തില്‍ 90 പേര് ഒപ്പിട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.