വിദ്യാർഥികളുടെ പ്രതിഷേധം താക്കീതായി
1300780
Wednesday, June 7, 2023 1:12 AM IST
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ കല്ലുങ്കോട് ഭാഗത്ത് രാത്രിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആശുപത്രി അവശിഷ്ടങ്ങളും രാസമാലിന്യങ്ങളും കത്തിക്കുന്നതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം താക്കീതായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദേശവാസികൾക്ക് ദുരിതം വിതറി മാലിന്യം കത്തിച്ചത്. പ്രദേശമാകെ വിഷപ്പുക പടർന്ന് വയോധികരും, രോഗികളും, കുട്ടികളുമടങ്ങുന്നവർ അവശതയിലായി. അതോടെ വീടുകളിൽനിന്ന് പുറത്തിറങ്ങി നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രാത്രിയിൽ ഏറെ ശ്രമം നടത്തിയാണ് തീ കെടുത്തിയത്. പിറ്റേന്ന് രാവിലെ പഞ്ചായത്തധികൃതർ സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്ന ഏജൻസിയെ കണ്ടെത്തി 25,000 രൂപ പിഴ അടപ്പിച്ചെങ്കിലും, വർഷങ്ങളായി ജനവാസ കേന്ദ്രത്തിൽ രാത്രിയിൽ മാലിന്യം കത്തിക്കുന്ന വ്യക്തിക്കും സംഘങ്ങൾക്കുമെതിരേ നടപടി എടുക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. നാട്ടുകാർ ഇടപെട്ട് പറമ്പിൽ ശേഖരിച്ച 16 ലോഡിലധികം മാലിന്യം നീക്കിയെങ്കിലും പകുതി ഭാഗം ഇപ്പോഴും നീക്കിയിട്ടില്ലെന്നാണ് ആക്ഷേപം.