കോട്ടപ്പടിയിൽ വീടിന് നേരേ കാട്ടാന ആക്രമണം
1300779
Wednesday, June 7, 2023 1:12 AM IST
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരേ കാട്ടാനയുടെ ആക്രമണം. കൊന്പുകൊണ്ടുള്ള കുത്തേറ്റ് ജനൽ ചില്ലുകൾ തകരുകയും ഭിത്തിയിൽ തുള വീഴുകയും ചെയ്തു. വടക്കുംഭാഗത്ത് പുന്നയ്ക്കാപ്പിള്ളിപാറ തുല്ലനാട്ട് വേലായുധന്റെ വീടിന് നേരേ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്നിറങ്ങിയ ഒറ്റയാനാണ് വീട് ആക്രമിച്ചത്. വേലായുധനും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു.
പറന്പിൽ നിന്നുള്ള ശബ്ദംകേട്ടാണ് വീട്ടുകാർ ഉണർന്നത്. വാതിൽതുറന്നപ്പോൾ കൊന്പൻ വീടിന് പുറത്തുണ്ടായിരുന്നു. ആദ്യം മുന്പോട്ടുനീങ്ങിയ ആന തിരിഞ്ഞ് വീട്ടുകാർക്കു നേരേ പാഞ്ഞടുത്തു. വാതിലടച്ചപ്പോഴാണ് ആന ഭിത്തിയിൽ കുത്തിയതെന്ന് വേലായുധന്റെ ഭാര്യ ഷിജി പറഞ്ഞു. ആക്രമണത്തിന് ശേഷം ആന മടങ്ങിപോയി. ആനശല്യം പതിവായിരുന്നെങ്കിലും വീടിനു നേരേയുള്ള ആക്രമണം ആദ്യമായതിനാൽ വീട്ടുകാർ ഭയപ്പാടിലാണ്.
കോട്ടപ്പാറ വനാതിർത്തിയിലാണ് വേലായുധന്റെ വീട്. സമീപത്ത് രണ്ടു വീടുകൾ കൂടിയുണ്ട്. ഈ വീടുകൾക്കു നേരേയും മുന്പ് കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കോട്ടപ്പാറ വനമേഖലയുടെ അതിർത്തിയിലും സമീപ പ്രദേശങ്ങളിലും നിരന്തരം കാട്ടാനശല്യമുണ്ടാകാറുണ്ട്. കൃഷിയും മറ്റ് വസ്തുവകകളും വൻതോതിൽ നാശം ഉണ്ടാക്കാറുണ്ട്. മനുഷ്യരുടേയും വളർത്തുമൃഗങ്ങളുടേയും ജീവനുപോലും സുരക്ഷിതത്വമില്ലാത്ത സാഹചര്യമാണുള്ളത്.
വനംവകുപ്പും ജനകീയ സമിതിയും ഫെൻസിംഗ് സ്ഥാപിച്ചെങ്കിലും ആനകളെ വനത്തിനുള്ളിൽ തളച്ചിടാൻ പര്യാപ്തമായില്ല. കാട്ടാനശല്യം പൂർണമായി ഇല്ലാതാക്കണമെന്ന ജനങ്ങളുടെ ആവശ്യം നടപ്പാക്കാൻ അധികാരികൾക്കും കഴിയുന്നില്ല. ദിവസവും ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് കാട്ടാനകൾ നാശം വരുത്തുന്നത് തുടരുകയാണ്.