പഞ്ചഗുസ്തി ലോക ചാന്പ്യൻഷിപ്പിൽ കുടുംബത്തിലെ അഞ്ചു പേരും
1300778
Wednesday, June 7, 2023 1:12 AM IST
മൂവാറ്റുപുഴ: ഒരു കുടുംബത്തിൽനിന്ന് അഞ്ചു പേർ പഞ്ചഗുസ്തി ലോക ചാന്പ്യൻഷിപ്പിൽ അർഹത നേടിയത് ശ്രദ്ധേയമായി. ഉത്തർപ്രദേശിലെ മധുരയിൽ ജിഎൽഎ (ഗ്ലാ) സർവകലാശാലയിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുത്താണ് ഇവർ അർഹത നേടിയത്. പുരുഷ-വനിത വിഭാഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മൂവാറ്റുപുഴ മേലേത്തുചാലിൽ സുരേഷ് മാധവൻ, ഭാര്യ റീജ, മക്കളായ ആർദ്ര, അമേയ, ആരാധ്യ എന്നിവരടങ്ങിയ കുടുംബം പഞ്ചഗുസ്തിയുടെ ചരിത്രത്തിൽ ആറ് സ്വർണ മെഡലും ആറ് വെള്ളി മെഡലും ഒരു വെങ്കലവുമാണ് കരസ്ഥമാക്കിയത്.
ഇന്റർനാഷണൽ താരമായ സുരേഷ് മാധവൻ 90 കിലോ ഗ്രാം ഗ്രാന്റ് മാസ്റ്റർ വിഭാഗത്തിൽ ഇടത്-വലത് കൈ മത്സരത്തിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കി. റീജ സുരേഷ് സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളിൽ പങ്കെടുത്ത് മാസ്റ്റേഴ്സ് 10 കിലോയിൽ സ്വർണ മെഡലും സീനിയർ വിഭാഗത്തിൽ രണ്ട് വെള്ളി മെഡലും കരസ്ഥമാക്കി.
ഇന്റർനാഷണൽ താരമായ ആർദ്ര സുരേഷ് ജൂണിയർ വിഭാഗത്തിൽ 45 കിലോ സ്വർണ മെഡലും 50 കിലോ മത്സരത്തിൽ വെള്ളി മെഡലും നേടി. മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരി പഠനത്തിന് തയാറെടുക്കുകയാണ്.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ അമേയ സുരേഷ് 45 കിലോ ജൂണിയൽ വിഭാഗത്തിൽ വലതുകൈ വിഭാഗത്തിൽ വെള്ളി മെഡലും ഇടതുകൈയിൽ വെങ്കലവും കരസ്ഥമാക്കി.