കല്ലൂർക്കാട് ആയുർവേദ ആശുപത്രി നിർമാണം: കൊച്ചി കപ്പൽശാലയുമായി കരാറായി
1300774
Wednesday, June 7, 2023 1:12 AM IST
കല്ലൂർക്കാട്: പഞ്ചായത്തിലെ ആയുർവേദ ആശുപത്രി കെട്ടിട നിർമാണം സംബന്ധിച്ച് കൊച്ചി കപ്പൽശാലയുമായി കരാറായി. പഞ്ചായത്തിലെ കലൂരിൽ നിലവിലുള്ള ആശുപത്രിയുടെ പഴയ കെട്ടിടം പുതുക്കി പണിയുന്നതാണ് പദ്ധതി. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി കൊച്ചി കപ്പൽശാലയുടെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ കരാറിൽ കൊച്ചി കപ്പൽശാല സിഎസ്ആർ വിഭാഗം മേധാവി പി.എൻ. സന്പത് കുമാറും കല്ലൂർക്കാട് പഞ്ചായത്ത് സെക്രട്ടറി കെ.ടി. മാത്യുവും ഒപ്പുവച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, കൊച്ചി കപ്പൽശാല സിഎസ്ആർ വിഭാഗം മാനേജർമാരായ പി.എസ്. ശശീന്ദ്രദാസ്, എ.കെ. യൂസഫ് തുടങ്ങിയവർ പങ്കെടുത്തു. ഡീൻ കുര്യാക്കോസ് എംപിയുടെ ഫണ്ടിൽനിന്ന് 15 ലക്ഷവും കെട്ടിട നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. 2500 ചതുരശ്രയടി വിസ്തൃതിയിലുള്ള കെട്ടിട നിർമാണം പൂർത്തീകരിക്കുന്പോൾ 70 ലക്ഷത്തോളമാണ് ചെലവു പ്രതീക്ഷിക്കുന്നത്. കലൂരിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി മാറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.