വൈദ്യുത ചാർജ് വർധന: കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
1300773
Wednesday, June 7, 2023 1:12 AM IST
മൂവാറ്റുപുഴ: വൈദ്യുത ചാർജ് വർധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കീച്ചേരിപ്പടി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ സാധാരണ ജനങ്ങൾ വലഞ്ഞിരിക്കുകയാണെന്നും കെട്ടിട നികുതിയും ഫീസുകളും ഇരട്ടിയാക്കുകയും വാട്ടർ ചാർജ് അമിതമായി വർധിപ്പിക്കുകയും വഴി എൽഡിഎഫ് സർക്കാർ ജനവിരുദ്ധ സർക്കാരായി മാറിയിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സിഎച്ച് മഹല്ലിന്റെ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കീച്ചേരിപ്പടി കെഎസ്ഇബി ഓഫീസിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ആരിഫ് അധ്യക്ഷത വഹിച്ചു.
കെ.എസ്. സുലൈമാൻ, പി.എച്ച്. മൈതീൻകുട്ടി, ഫാറൂഖ് മടത്തോടത്ത്, പി.എം. അബ്ദുൽ സലാം, മുസ്തഫ കമാൽ, ടി.എ. സൈഫുദ്ദീൻ, എം.എസ്. സിദ്ദിഖ്, നിസാം തെക്കേക്കര, അൻസാർ ജമാൽ, ഇ.എം. ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.