രാജ്യത്തെ മികച്ച കോളജുകളിലൊന്നായി കോതമംഗലം മാർ അത്തനേഷ്യസ്
1300444
Tuesday, June 6, 2023 12:12 AM IST
കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻഐ ആർഎഫ്) രാജ്യത്തെ മികച്ച 87-ാമത്തെ കോളജായി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ 42000ത്തിൽപ്പരം കോളജുകളുടെ പട്ടികയിൽ നിന്നാണ് ആദ്യ 100ൽ ഇടം നേടി മാർ അത്തനേഷ്യസ് കോളജ് ശ്രദ്ധേയമാകുന്നത്. ഗവേഷണം, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾ, കലാ - കായികരംഗത്ത് വിദ്യാർഥികൾക്ക് നൽകുന്ന പ്രോത്സാഹനം, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം നേട്ടം കൈവരിക്കാൻ എംഎ കോളജിനെ സഹായിച്ചു. കോളജിൽ ബിരുദതലത്തിൽ 12 എയ്ഡഡ് പ്രോഗ്രാമുകളും മൂന്ന് അണ് എയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ബിരുദാനന്തര ബിരുദതലത്തിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം ഇൻ ബേസിക് സയൻസ് ബയോളജി (അഞ്ച് വർഷം) കൂടാതെ എട്ട് എയ്ഡഡ് പ്രോഗ്രാമുകളും ഒന്പത് അണ് എയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളുമാണ്.
അക്കാദമികരംഗത്തും കായികരംഗത്തും മികവു തെളിയിച്ച കോളജ് കലാപരിപോഷണത്തിനായി വിവിധ ക്ലബുകൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. എല്ലാ ഡിപ്പാർട്ടുമെന്റുകളും ബിരുദ വിദാർഥികൾക്ക് ആദ്യ രണ്ടു വർഷവും ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് ആദ്യവർഷവും വാല്യു ആഡഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. കോളജിലെ എല്ലാ വിദ്യാർഥികൾക്കുമായി സ്കിൽ ഡവലപ്മെന്റ് കോഴ്സുകളുമുണ്ട്. ഈ അധ്യയന വർഷം മുതൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും ഉണ്ടാകും. അധ്യാപകരും അനധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് നേട്ടമെന്ന് കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ് പറഞ്ഞു.