കുടിവെള്ള പ്രശ്നത്തിന് പരിഹാരം
1300441
Tuesday, June 6, 2023 12:10 AM IST
തിരുമാറാടി: കഴിഞ്ഞ രണ്ട് ആഴ്ചയായി തിരുമാറാടി മണ്ണത്തൂർ, വെട്ടിമൂട്, കല്ലാപ്പാറ പ്രദേശങ്ങളിലുണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം. പ്രാദേശികമായി പ്രവർത്തിക്കുന്ന വാൽവ് ഓപ്പറേറ്റർ, പമ്പ് ഓപ്പറേറ്റർ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം സംഭവിച്ച പ്രശ്നങ്ങൾ വാട്ടർ അഥോറിറ്റി നേരിട്ട് ഇടപെട്ട് പരിഹരിച്ചു.
താൽക്കാലിക ജീവനക്കാർ സ്വാർത്ഥ താൽപ്പര്യത്തിനു വേണ്ടി കുടിവെള്ള വിതരണം താറുമാറാക്കുകയും വാൽവുകൾ തുറന്ന് നിയന്ത്രിച്ചു ജലം നൽകേണ്ട പ്രദേശങ്ങളിൽ ആവിശ്യത്തിന് ജലം നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കും വിധം പ്രവർത്തിക്കുകയുമായിരുന്നു. കന്നാര കൃഷിക്കാർക്ക് രാത്രിയിൽ ജലം തുറന്നുവിട്ട് ജലവിതരണം താറുമാറാക്കി ജീവനക്കാർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ബോധ്യപ്പെട്ടതോടെ അഥോറിറ്റി ജീവനക്കാർ നേരിട്ട് പമ്പ് ഹൗസിന്റെ നിയന്ത്രണം ഏറ്റെടുത്ത് പൂർണതോതിലുള്ള ജലവിതരണം ഉറപ്പാക്കുകയായിരുന്നു.
വരും ദിവസങ്ങളിൽ വാൽവുകൾ അനധികൃതമായി തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ വാർഡ് മെമ്പർമാരുമായി ആലോചിച്ചു പ്രാദേശികമായ രാത്രി കാവൽ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ വാൽവ് ഓപ്പറേറ്റർമാരുടെ പ്രവർത്തനം നിരീക്ഷിച്ചു വേണ്ടിവന്നാൽ എംപ്ലോയ്മെന്റ് ഓപ്പറേറ്റർമാരെ നിയോഗിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണവും ആവിശ്യപ്പെടുമെന്ന് ജല അഥോറിറ്റി അധികൃതർ അറിയിച്ചു.
ഇന്നലെ പരിശോധനയുടെ ഭാഗമായി അനൂപ് ജേക്കബ് എംഎൽഎ, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം.ജോർജ്, എസ്. രതീഷ്, സാബു തോമസ്, സി. ഹരികൃഷ്ണൻ, വാർഡ് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ വെട്ടിമൂട്, കളപ്പാറ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകുമെന്നു ജലഅഥോറിറ്റി അധികൃതർ അറിയിച്ചു.