ഇന്ന് സംയുക്ത പരിശോധന
1300440
Tuesday, June 6, 2023 12:10 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ മുഖച്ഛായ മാറുന്ന ടൗണ്‍ വികസന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മാത്യു കുഴൽനാടൻ എംഎൽഎ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി നിർമാണ പ്രദേശങ്ങളിൽ കെആർഎഫ്ബി, കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് സംയുക്ത പരിശോധന നടത്തും.
നിലവിലെ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനുമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പരിശോധന. നേരത്തെ സ്ഥാപിച്ച സർവേ കല്ലുകൾ ചിലയിടങ്ങളിൽ കാണാതായതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായി മൂന്നു സർവയർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് എംഎൽഎ കത്ത് നൽകിയിരുന്നു. സ്ഥലം അളന്നു തിട്ടപ്പെടുത്തി ഇവിടങ്ങളിൽ വേഗത്തിൽ കല്ലുകൾ സ്ഥാപിക്കാനാണ് സർവേയർമാരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതിന് പരിഹാരമായി മറ്റ് റോഡുകൾ ഉപയോഗിക്കേണ്ടിവരും. ഈ റോഡുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ തീർക്കാൻ പിഡബ്ല്യുഡി അധികൃതരോട് എംഎൽഎ ആവശ്യപ്പെട്ടു. ട്രാഫിക് ഡ്യൂട്ടിക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. ജല അഥോറിറ്റി ശുദ്ധജല പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കുവാനും തീരുമാനമായി.