ഇതരസംസ്ഥാന ബോട്ടുകൾ തീരം വിടണം: ജില്ലാ കളക്ടര്‍
1300439
Tuesday, June 6, 2023 12:10 AM IST
കൊച്ചി: ഈമാസം ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ട്രോളിംഗ് നിരോധനം ജില്ലയില്‍ ശക്തമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ഇക്കാലയളവില്‍ വൈപ്പിന്‍ പുറമേ മുനമ്പം കേന്ദ്രീകരിച്ചും കളക്ടറേറ്റില്‍ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാ തല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള തീരങ്ങളില്‍ കിടക്കുന്ന ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനത്തിന് മുന്‍പ് തന്നെ തീരം വിട്ടു പോകണമെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു. ചെറുമത്സ്യ ബന്ധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമാനുസൃത കണ്ണിവലിപ്പമുള്ള വലകള്‍ മാത്രമേ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കൂ. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറുകളിലേക്കും ലാൻഡിംഗ് സെന്ററുകളിലേക്കും പ്രവേശിക്കുമ്പോള്‍ സുരക്ഷിതമായ വേഗത മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കും.
സൗജന്യ റേഷന്‍ നല്‍കും
വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലും മുനമ്പം കണ്ട്രോള് റൂമിലും പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവരുടെ സംയുക്ത സേവനം ഉറപ്പുവരുത്തും. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടലിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനുമായി പ്രത്യാശ മറൈന്‍ ആംബുലന്‍സ്, കൂടാതെ രണ്ട് പട്രോള്‍ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിനും 12 ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു.
ആവശ്യമെങ്കില്‍ മുനമ്പം ഹാര്‍ബറില്‍ 108 ആംബുലന്‍സ് സര്‍വീസ് സജ്ജീകരിക്കുന്നതിനുള്ള നടപടിയെടുക്കും. സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
ആധാര്‍ കാര്‍ഡ് കരുതണം
ട്രോളിംഗ് നിരോധന സമയത്ത് കടലില്‍ പോകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് കരുതണം. കളര്‍കോഡിംഗ് പൂര്‍ത്തിയാക്കാത്ത ബോട്ടുകളും ഇന്‍ബോര്‍ഡ് വളളങ്ങളും ട്രോളിംഗ് നിരോധനം കഴിയുന്നതിനു മുന്‍പ് പൂര്‍ണമായും കളര്‍കോഡിംഗ് പൂര്‍ത്തിയാക്കണം. ട്രോളിംഗ് നിരോധന സമയത്ത് കടലില്‍ പോകുന്ന ഒരു വലിയ വളളത്തിനോടൊപ്പം (ഇന്‍ബോര്‍ഡ് വളളം) ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ കര്‍ശന പരിശോധന ഉറപ്പാക്കും. ഉപയോഗിക്കുന്ന കാരിയര്‍ വളളത്തിന്റെ രജിസ്ട്രേഷന് ഉള്‍പ്പെടെയുളള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാനം ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം. അതിനായി ഇന്‍ബോര്‍ഡ് വളളങ്ങളുടെ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കും.
സിഐഎഫ്എന്‍ഇടി, സിഎംഎഫ്ആര്‍ഐ, സിഐആര്‍എഫ് എന്നീ സ്ഥാപനങ്ങളുടെ റിസര്‍ച്ച് വെസലുകള്‍ക്ക് ട്രോള്‍ബാന്‍ കാലയളവില്‍ ഇളവ് അനുവദിക്കും. ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സ്യബന്ധനത്തിനു പോകുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ മതിയായ ജീവന് രക്ഷാ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കണം.
ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചുപൂട്ടുന്നുതിനും ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിനായി തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും.
മത്സ്യത്തൊഴിലാളികളുടെ ആവശ്യാനുസരണം മുന്‍വര്‍ഷങ്ങളിലേതുപോലെ രണ്ട് സ്വകാര്യ ഡീസല്‍ ബങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.