നഗരസഭയുടെ ജെറ്റിംഗ് മെഷീന് പ്രവര്‍ത്തനം തുടങ്ങി
1300436
Tuesday, June 6, 2023 12:10 AM IST
കൊച്ചി: നഗരത്തിലെ കാനകള്‍ വൃത്തിയാക്കുവാന്‍ ഇനി മുതല്‍ യന്ത്രവത്കൃത സംവിധാനം. 10,000 ലിറ്റര്‍ കപ്പാസിറ്റിയുളള സക്ഷന്‍ കം ജെറ്റിംഗ് മെഷീനാണ് കൊച്ചി നഗരസഭ ഇതിനായി വാങ്ങിയത്. കേരളത്തില്‍ ആദ്യ മായി രംഗത്തിറക്കിയ ഈ ഉപകരണം വ്യവസായ മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
കാനകളുടെ ഒരു ഭാഗത്തുകൂടെ യന്ത്ര സഹായത്തോടെ 100 മീറ്ററോളം ദൂരത്തില്‍ കാന വൃത്തിയാക്കുവാന്‍ സാധിക്കുമെന്നതാണ് മെഷിന്റെ പ്രത്യേകത. കാനകളിലെ ചെളി ഉള്‍പ്പെടെ വലിച്ചെടുത്ത് അതില്‍ നിന്ന് വെളളം വേര്‍തിരിച്ചെടുത്ത് ആ വെളളം ശക്തിയായി പമ്പ് ചെയ്ത് കാനകളിലെ തടസങ്ങള്‍ നീക്കുന്നതാണ് പ്രവര്‍ത്തന രീതി. സ്ലാബുകള്‍ മൊത്തമായി ഇളക്കി മാറ്റുമ്പോള്‍ നടപ്പാതയിലെ ടൈലുകള്‍ പൊളിയുന്നതുള്പ്പെടെയുളള പ്രശ്നങ്ങള്‍ക്കും ഇതൊരു പരിഹാരമാകും.
ചെന്നൈ കോര്‍പറേഷനില്‍ വിജയകരമായ പദ്ധതിയാണിത്. 4.7 കോടിയാണ് മെഷീന്റെ വില. ഇതൊടൊപ്പം തോടുകള്‍ വൃത്തിയാക്കുന്നതിനുളള റോബോട്ടിക് എക്സ്കവേറ്റര്‍ കൂടി നഗരസഭ രംഗത്തിറക്കിയിട്ടുണ്ട്. സൈഡ് റോഡുകള്‍ ഇല്ലാത്ത തോടുകള്‍ ജെസിബിയും ഹിറ്റാച്ചിയും പോലുളള ഉപകരണങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യം നേരിടുന്നുണ്ട്. സൈഡ് റോഡുകളില്ലാത്ത തോടുകളിലെ ചെളിനീക്കത്തിന് റോബോട്ടിക് എക്സ്കവേറ്റര്‍ ഏറെ സഹായകമാകും.
ഈ രണ്ട് മെഷീനുകള്‍ക്ക് പുറമെ സ്വീവേജ് ലൈനിലെ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനുളള ബാന്‍ഡിക്യൂട്ട് എന്ന റോബോട്ടും കഴിഞ്ഞ ദിവസം നഗരസഭ രംഗത്തിറക്കിയിരുന്നു. ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻമാര്, കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി ബാബു അബ്ദുള്‍ ഖദീര്‍, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാജി ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.