കൊച്ചി കോര്പറേഷന് ടൗണ്‍ പ്ലാനിംഗ് ചെയര്മാന് എം.എച്ച്.എം. അഷ്റഫ് രാജിവച്ചു
1300433
Tuesday, June 6, 2023 12:10 AM IST
കൊച്ചി: കൊച്ചി കോര്പറേഷന് ടൗണ്‍ പ്ലാനിംഗ് ചെയര്മാന് എം.എച്ച്.എം. അഷറഫ് രാജിവച്ചു. സിപിഎം മുന്‍ അംഗവും പശ്ചിമകൊച്ചിയിലെ കൊച്ചങ്ങാടി കൗണ്‍സിലറുമാണ് അഷറഫ്. കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ച് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായ ജെ.സനല്മോനെ വീണ്ടും ചെയര്‍മാനാക്കാനാണ് രാജിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്നു സനല്‍മോന്‍. 2021 ഒക്ടോബറില്‍ സനില്മോനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് അഷ്റഫ് സിപിഎമ്മില്‍ നിന്ന് പുറത്തായത്. വിപ്പ് ലംഘിച്ചതിന് സിപിഎം കേസ് നല്കി. ഇതിന്റെ വിചാരണ നടപടി 12ന് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി.
യുഡിഎഫിന്റെ പിന്തുണയോടെയാണ് അഷ്റഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്മാന് ആകുന്നത്. ഇപ്പോള്‍ സിപിഎമ്മുമായുള്ള ധാരണയുടെ പുറത്താണ് അഷ്റഫിന്റെ രാജിയെന്നും സൂചനയുണ്ട്. സനല്മോനെ വീണ്ടും ചെയര്‍മാനാക്കാനുള്ള നീക്കത്തിനൊപ്പം നില്ക്കുകയാണെങ്കില് അഷ്റഫിനെതിരെ സിപിഎം നല്‍കിയിട്ടുള്ള കേസ് പിന്‍വലിക്കപ്പെട്ടേക്കും. എന്നാല്‍ ഡിവിഷന് കാര്യങ്ങളില്‍ കുറേക്കൂടി ശ്രദ്ധ കൊടുക്കാനും സ്വകാര്യ ബിസിനസ് മെച്ചപ്പെടുത്തുന്നതിനുമായാണ് രാജിയെന്ന് എം.എച്ച്.എം. അഷ്റഫ് പറയുന്നു.