ഇരുപതു കിലോ കഞ്ചാവുമായി ദന്പതികളടക്കം 3 പേർ പിടിയിൽ
1300432
Tuesday, June 6, 2023 12:10 AM IST
പറവൂർ: രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന 20 കിലോ കഞ്ചാവുമായി ദമ്പതികളെയും ഒരു യുവാവിനെയും പറവൂർ എക്സൈസ് സംഘം പിടികൂടി. നാലു മാസമായി കുഞ്ഞിത്തൈയ്യിൽ വാടകയ്ക്ക് താമസിക്കുന്ന നായരമ്പലം ചൂരക്കുഴി ജോസ് (34), ഭാര്യ കളമശേരി കാവുങ്കൽ ജയ (40), മൂവാറ്റുപുഴ പിട്ടാപ്പിള്ളി ജഗൻ (23) എന്നിവരെയാണ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ജയയുടെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ദന്പതികളുടെ പക്കൽ നിന്ന് കഞ്ചാവ് വിനിമയം ചെയ്യുന്നയാളാണ് ജഗൻ. ഏതാനും ദിവസങ്ങളായി എക്സൈസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ സംശയാസ്പദമായി കണ്ട കാറിനെ എക്സൈസ് സ്ക്വാഡ് പിന്തുടർന്നെങ്കിലും എക്സൈസിന്റെ വാഹനത്തിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. കാർ കണ്ടെത്താനായില്ലെങ്കിലും എക്സൈസ് സംഘം വാടകവീട് റെയ്ഡ് ചെയ്യുകയായിരുന്നു.
റെയ്ഡിനിടയിൽ ജയ എക്സൈസ് പാർട്ടിയിലെ ഒരു വനിതാ ഉദ്യോഗസ്ഥയെ ആക്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴടക്കിയത്. ആദ്യം ഏതാനും ചെറിയപൊതികൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത് കൂടുതൽ തെരച്ചിലിൽ, മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അടുക്കള ഭാഗത്ത് വടിവാളുകൾ കണ്ടെങ്കിലും എക്സൈസ് കസ്റ്റഡിയിലെടുത്തില്ല.
റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസി, അസി.എക്സൈസ് ഇൻസ്പെക്ടർ കെ. ബിജു, പ്രിവന്റീവ് ഓഫീസർമാരായ ബിജു നാഥ്, എൻ.സി. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. ഷൈൻ, ഇ.കെ. ശ്രീകുമാർ, നിഖിൽ കൃഷ്ണ, കെ.ആർ. രതീഷ്, നിരഞ്ജ വിശ്വനാഥ്, ഡ്രൈവർ സമജ്ജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.