സ്വകാര്യ ബസിൽനിന്ന് വിദ്യാർഥിനികളെ ഇറക്കിവിട്ടതായി പരാതി; പോലീസ് കേസെടുത്തു
1300427
Tuesday, June 6, 2023 12:07 AM IST
ആലങ്ങാട്: ആലങ്ങാട്-വരാപ്പുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിൽനിന്നും വിദ്യാർഥിനികളെ ഇറക്കിവിട്ടതായി പരാതി. ഇന്നലെ രാവിലെയാണു കോളജിലേക്കു പോകുകയായിരുന്ന മൂന്നു വിദ്യാർഥിനികളെ ബസിൽനിന്ന് ഇറക്കിവിട്ടത്. ആലങ്ങാട് - വരാപ്പുഴ റൂട്ടിലോടുന്ന മിത്രം എന്ന സ്വകാര്യ ബസിൽ നിന്നാണ് ഇറക്കിവിട്ടത്. ഇതോടെ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആലങ്ങാട് പോലീസിൽ പരാതിനൽകുകയായിരുന്നു.
ബസ് സ്റ്റേഷനിൽ പിടിച്ചിടുകയും പിഴ അടപ്പിക്കുകയും ചെയ്തു.
ആലുവ സെന്റ് സെവ്യേഴ്സ് കോളജിൽ പഠിക്കുന്ന രണ്ടു വിദ്യാർഥിനികളെയും പെരുമ്പാവൂരിലെ കോളജിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയെയുമാണു ഇരക്കിവിട്ടത്.
സംഭവമറിഞ്ഞ് രക്ഷിതാക്കൾ സ്ഥലത്തെത്തിയ ശേഷം ഇവരെ സുഹൃത്തിന്റെ കാറിൽ കോളജിൽ എത്തിക്കുകയായിരുന്നു. പരാതികിട്ടിയതിനെത്തുടർന്നു പോലീസ് ബസിലെ ജീവനക്കാരെ വിളിച്ചു വരുത്തുകയും ബസ് സ്റ്റേഷനിൽ പിടിച്ചിടുകയും ചെയ്തു. പലപ്പോഴും വിദ്യാർഥികളെ കയറ്റാതെയാണു ബസ് ഈ റൂട്ടിൽ സർവീസ് നടത്തുന്നതെന്ന് ആരോപണമുണ്ട്. വിദ്യാർഥികൾ മാത്രമായി ആലങ്ങാട് പള്ളിയുടെ മുന്നിലുള്ള സ്റ്റോപ്പിൽ നിൽക്കുന്നതു കണ്ടാൽ ബസ് നിർത്താതെ പോകാറുമുണ്ട്.ഇതിനാൽ മറ്റൊരു ബസ് സ്റ്റോപ്പിൽ എത്തിയാണു വിദ്യാർഥികൾ ബസിൽ കയറിയത്.
ടിക്കറ്റ് എടുക്കാൻ തുടങ്ങിയപ്പോൾ ടിക്കറ്റ് നൽകാതെ കണ്ടക്ടർ ഇറക്കി വിടുകയായിരുന്നു. പരാതി ആർടിഒയ്ക്കു കൈമാറുമെന്ന് ആലങ്ങാട് പോലീസ് പറഞ്ഞു.