സമരംചെയ്ത പഞ്ചായത്ത് പ്രസിഡന്റിൽനിന്നു പിഴയീടാക്കണമെന്ന്
1300426
Tuesday, June 6, 2023 12:07 AM IST
ഉദയംപേരൂർ: സെക്രട്ടറിക്കെതിരേ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് കുത്തിയിരുന്ന് സമരം ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് പിഴയീടാക്കാൻ ശിപാർശ ചെയ്ത് ഓംബുഡ്സ്മാൻ ജസ്റ്റിസ് ഉത്തരവിട്ടു.
നടക്കാവ്-മുളന്തുരുത്തി റോഡിൽ നടത്തിയ ശുചീകരണത്തിന് പണമനുവദിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളും സെക്രട്ടറിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കഴിഞ്ഞ ജനുവരി 28ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. ഇതിനെതിരേ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എം.പി. ഷൈമോൻ നൽകിയ പരാതിയിലാണ് വാദം കേട്ട ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് തന്നെ അതേ പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 1,000 രൂപ വരെ പിഴയീടാക്കാമെന്ന് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശയിൽ പറയുന്നത്. ഉത്തരവിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.