കുമ്പളങ്ങിയില്‍ 15 സിസിടിവി കാമറകള്‍ കൂടി സ്ഥാപിക്കും
1300425
Tuesday, June 6, 2023 12:07 AM IST
കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുമ്പളങ്ങി പഞ്ചായത്തില്‍ 15 സിസിടിവി കാമറകള്‍ കൂടി സ്ഥാപിക്കുന്നു. കുമ്പളങ്ങിയെ വലിച്ചെറിയല്‍ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തില്‍ നിരീക്ഷണം ശക്തമാക്കുന്നത്.
ഈമാസം 10 മുതല്‍ പുതിയ 15 നിരീക്ഷണ കാമറകളും പ്രവര്‍ത്തനസജ്ജമാകും. ആദ്യഘട്ടത്തില്‍ 10 നിരീക്ഷണ ക്യാമറകള്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നേരത്തെ സ്ഥാപിച്ചിരുന്നു.
രണ്ടാംഘട്ടത്തിലെ 15 കാമറകള്‍ക്കായി 4,80,000 രൂപയാണ് പഞ്ചായത്ത് മുതല്‍മുടക്കിയത്. പദ്ധതിയുടെ തുടര്‍ച്ചയായി സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്കി 30 നിരീക്ഷണ കാമറകള്‍ കൂടി കുമ്പളങ്ങിയുടെ പാതയോരങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. പോലീസിന്റെ സഹകരണത്തോടെ കുമ്പളങ്ങി സര്‍വീസ് സഹകരണ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബൊചെ എന്നിവരുടെ സ്പോണ്സര്ഷിപ്പിലാണിത്. ലോക പരിസ്ഥിതി ദിനത്തില്‍ കുമ്പളങ്ങിയെ വലിച്ചെറിയല്‍ വിമുക്ത, മാലിന്യ മുക്ത പഞ്ചായത്തായി പ്രസിഡന്റ് ലീജ തോമസ് പ്രഖ്യാപിച്ചു.
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.എ. സഗീര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാസ്മിന് രാജേഷ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്‍സി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യ മുക്ത കുമ്പളങ്ങി പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി അഞ്ചര കിലോമീറ്റര്‍ നീളമുള്ള പിഡബ്ലൂഡി റോഡിന്റെ ഇരുവശത്തും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ വനിതകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം.