ഭരണകൂട പിടിപ്പുകേടിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍: കല്‍പ്പറ്റ നാരായണന്
1300423
Tuesday, June 6, 2023 12:07 AM IST
കൊച്ചി: ബ്രഹ്മപുരത്ത് നിന്നുയര്‍ന്ന കൊടിയ വിഷം രണ്ടാഴ്ചയോളം ശ്വസിച്ചതിന്റെ വിഷമവും പേറി ജീവിക്കുന്ന കൊച്ചി നിവാസികള്‍ ഭരണകൂട പിടിപ്പുകേടിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണെന്ന് സാഹിത്യകാരന് കല്‍പ്പറ്റ നാരായണൻ. പരിസ്ഥിതി ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോര്പറേഷന് ഓഫീസ് മാര്‍ച്ച് ' കറുത്ത കൊച്ചിക്കെതിരേ ചെറുത്തുനില്‍പ്പ്' ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.
അഴിമതി പണത്തില്‍ മാത്രം കണ്ണുനട്ട് ഓഫീസില്‍ ചടഞ്ഞിരുന്ന മടിയന്മാര് ഇപ്പോള്‍ മാലിന്യമല ചുമക്കുകയാണ്. സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട് വൃത്തിയുള്ള ജീവിത സൗകര്യങ്ങളില്‍ നിന്ന് ഒരു ജനതയും ഒരു ദേശവും ഒഴിവാക്കപ്പെടുന്നു. മഴ വാതില്ക്കലെത്തി നില്ക്കുമ്പോള് മാലിന്യം ഒഴുക്കി വിടാന്‍ തയാറായി നില്‍ക്കുകയാണ് കൊച്ചിയിലെ ഭരണകൂടം. അതിനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.