വാഷിംഗ് മെഷീനിൽ നിന്ന് തീപടർന്നത് പരിഭ്രാന്തി പരത്തി
1300253
Monday, June 5, 2023 12:29 AM IST
ചിറ്റാറ്റുകര: വാഷിംഗ് മെഷീനിൽ നിന്ന് തീ പടർന്നത് പരിഭ്രാന്തി പരത്തി. ദേശീയപാത 66 പറവൂർ - മൂത്തകുന്നം റോഡിൽ ആലുംമാവ് ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിലെ വാഷിംഗ് മെഷീനിൽ നിന്നാണ് ഇന്നലെ രാവിലെ 9.30 നു തീപടർന്നത്. നീണ്ടൂർ കാച്ചപ്പിള്ളി ജിന്റോ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകൾ നില എബിൻ എന്നയാൾക്ക് വാടകയ്ക്കു നൽകിയിരുന്നു. അവിടെയാണ് തീപിടിത്തം ഉണ്ടായത്. വർക്ക് ഏരിയയിൽ വച്ചിരുന്ന വാഷിംഗ് മെഷീനും ഫാനും വസ്ത്രങ്ങളും കത്തിനശിച്ചു. അടുക്കളയിലെ പ്ലാസ്റ്റിക് വസ്തുക്കൾ ഉരുകിപ്പോയി. എന്നാൽ അടുക്കളയിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾക്കു കേടുപാടുകൾ സംഭവിച്ചില്ല. വീട്ടിലെ മറ്റു മുറികളിലേക്കു തീ പടരാതിരുന്നതു രക്ഷയായി. അഗ്നിരക്ഷാസേന എത്തി തീയണച്ചു. എബിൻ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ല.