ആലുവ മുനിസിപ്പൽ ഗ്രൗണ്ട് നവീകരണം ഇഴയുന്നു
1300247
Monday, June 5, 2023 12:29 AM IST
ആലുവ: നാലു മാസം കഴിഞ്ഞിട്ടും ആലുവ മുനിസിപ്പൽ ഗ്രൗണ്ട് നവീകരണം എങ്ങുമെത്താത്ത സ്ഥിതിയിൽ. സ്റ്റീൽ ഫെൻസിംഗ്, ഇലക്ട്രിഫിക്കേഷൻ, ടർഫിംഗ് എന്നീ വികസന പദ്ധതികളാണ് ഇഴഞ്ഞു നീങ്ങുന്നത്. നഗരത്തിലെ കായിക പ്രേമികളെ നിരാശപ്പെടുത്തിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മൈതാനത്തിന്റെ പ്രവേശന കവാടത്തിലുള്ള വലിയ തണൽമരം വെട്ടിമാറ്റിയാണ് നവീകരണം ആരംഭിച്ചത്. ഇതോടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഏക തണൽ സൗകര്യം ഇല്ലാതായി. മരത്തിന്റെ പ്രധാന അവശിഷ്ടങ്ങൾ ഇവിടെത്തന്നെ കിടക്കുകയാണ്.
കഴിഞ്ഞ നാലുമാസമായി ആകെ നടന്നത് ടോയ്ലറ്റ് ബ്ലോക്ക് നിർമാണം മാത്രമാണ്. ഗ്രൗണ്ടിന്റെ ഒരു വശത്തെ മതിലും ചുറ്റുമുള്ള നെറ്റും എടുത്തു കളഞ്ഞു. അതിനാൽ ഉള്ള സൗകര്യത്തിൽ ഫുട്ബോൾ കളിക്കാൻ ശ്രമിച്ചാൽ വീടുകളിലേക്കും കോടതി വളപ്പിലേക്കും ഫുട്ബോൾ തെറിച്ചു പോകുന്ന പ്രശ്നവുമുണ്ട്.
വർഷാവർഷം നടക്കാറുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പുകൾ ഈ വർഷം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ ആണ് നടത്തിയത്. കൃത്രിമ പുല്ല് വച്ച് പിടിപ്പിക്കുന്നതിനാൽ പരമ്പരാഗത രീതിയിലുള്ള ഫുട്ബോൾ കളി മൈതാനത്തിന് ഇനി അന്യമാകും.
നിരവധി ദേശീയ - സംസ്ഥാന ഫുട്ബാൾ താരങ്ങൾ കളിച്ചുവളർന്ന ആലുവ നഗരസഭ ഗ്രൗണ്ട് ഏറെകാലങ്ങൾക്ക് ശേഷമാണ് നവീകരിക്കുന്നത്. ആദ്യഘട്ടത്തിൽ ബെന്നി ബെഹനാൻ എംപി ഫണ്ടിലെ അരക്കോടിയിലേറെ രൂപയാണ് ചെലവിടുന്നത്. 40 അടി ഉയരത്തിൽ സ്റ്റീൽ ഫെൻസിംഗും ഇലക്ട്രിഫിക്കേഷനുമാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ 50 ലക്ഷം രൂപ ചെലവിൽ ആർട്ടിഫിഷ്യൽ ടർഫിംഗും നടപ്പിലാക്കും.
ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ പലവട്ടം നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. പരിപാലനത്തിലെ അനാസ്ഥകാരണം ചെമ്മണ്ണ് നിറഞ്ഞ ഗ്രൗണ്ട് ആയി മാറുകയാണ് പതിവ്. മണപ്പുറത്തുനിന്നും മറ്റും പുല്ലുപറിച്ച് കൊണ്ടുവന്ന് മുനിസിപ്പൽ ഗ്രൗണ്ടിൽ നട്ടും രണ്ട് തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.
പുല്ല് മുഴുവൻ നശിച്ച് വീണ്ടും ചെമ്മണ്ണായി. അഞ്ച് വർഷം മുമ്പ് 10 ലക്ഷം രൂപ നഗരസഭ ചെലവൊഴിച്ച് പുല്ലുപിടിപ്പിച്ചു. നനയ്ക്കാനും പരിചരിക്കാനും പ്രത്യേക ജീവനക്കാരനെ ചുമതലപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല.