പെരിയാറിലെ എക്കൽ നീക്കം ചെയ്യുന്നത് വൈകുന്നതിനെതിരേ പ്രതിഷേധം
1300245
Monday, June 5, 2023 12:28 AM IST
വരാപ്പുഴ : എക്കലും മണലും അടിഞ്ഞുകൂടി നീരൊഴുക്കു കുറഞ്ഞ പെരിയാറിൽ അടിയന്തരമായി ഡ്രഡ്ജ് ചെയ്ത് നീരൊഴുക്കു വർധിപ്പിക്കണമെന്നും പ്രളയ സാധ്യതയിൽനിന്ന് നാടിനെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വരാപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാറിന്റെ തീരത്ത് പ്രതിഷേധ യോഗം നടത്തി.
പുഴയുടെ സംഭരണശേഷി എക്കലടിഞ്ഞ് കുറഞ്ഞതോടെ മഴക്കാലമാകുന്നതോടെ പ്രളയഭീതിയിലാണ് പെരിയാറിന് ഇരു കരകളിലുമുള്ളവർ. 2018 ലെ പ്രളയത്തെ തുടർന്ന് പുഴയിലടിഞ്ഞിരിക്കുന്ന എക്കൽ നീക്കം ചെയ്യണമെന്ന നിരന്തര ആവശ്യം സംസ്ഥാന സർക്കാർ അവഗണിക്കുന്നതിൽ യൂത്ത് കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാൽവിൻ കൊറയ അധ്യക്ഷനായ യോഗം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.എസ്. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് നിതീഷ് ക്ലീറ്റസ്, ബ്ലോക്ക് സെക്രട്ടറി റോജോ തോമസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സ്റ്റെജിൻ മാനുവൽ , ആന്റണി ജേക്കബ് , ജിതീഷ് ലാസർ , ജോമോൻ ജോസഫ്, നിക്സൻ കോട്ടിലകത്ത്, മുൻ പഞ്ചായത്തംഗം ടി.ജെ. ജോമോൻ , പ്രൈജു വേവുകാട്, ജിബീഷ് തങ്കച്ചൻ, ഷിജോ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.