ബിനാലെ കഴിഞ്ഞിട്ടും സ്ഥലം ഒഴിഞ്ഞു കൊടുക്കുന്നില്ലെന്ന്
1300244
Monday, June 5, 2023 12:28 AM IST
തോപ്പുംപടി: കൊച്ചി ബിനാലെ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ സ്ഥലം ഒഴിഞ്ഞു കൊടുക്കുന്നില്ലെന്ന് കൊച്ചി താലൂക്ക് വികസന സമിതി. ബിനാലെയുടെ ഉപകരണങ്ങൾ കൊണ്ടുപോകാത്തതിലും കൊച്ചി താലൂക്ക് വികസന സമിതിയിൽ പ്രതിഷേധം.
കഴിഞ്ഞ താലൂക്ക് സഭയിൽ താലൂക്ക് ഓഫീസ് അല്ലെങ്കിൽ ആർഡി ഓഫീസ് റവന്യൂ വകുപ്പ് ഏറ്റെടുത്ത ആസ്പിൻവാൾ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിനു ശേഷം ബിനാലെ സംഘാടകർ കുറച്ചു മാസത്തേക്ക് കൂടി നീട്ടി അനുവദിച്ച് തരണമെന്ന ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായും പറയുന്നു. എന്നാൽ യാതൊരു കാരണവശാലും സമയം നീട്ടി നൽകരുതെന്ന് എം.എച്ച്. അസീസ് വികസന സമിതിയിൽ ആവശ്യപ്പെട്ടു.
മാലിപ്പുറം ഭാസ്ക്കരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ആന്റണി അറക്കൽ, കെ.കെ. വേലായുധൻ, ഡെന്നിസൺ കോമത്ത്, കെ.കെ ഹംസക്കോയ, വകുപ്പ് തല മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു. കൊച്ചി തഹസിൽദാർ സുനിത ജേക്കബ് സ്വാഗതം ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് നന്ദിയും പറഞ്ഞു.