ഗതാഗതക്കുരുക്കിൽ വലഞ്ഞ് കണിയാമ്പുഴ-എരൂർ റോഡ്
1300242
Monday, June 5, 2023 12:28 AM IST
തൃപ്പൂണിത്തുറ: ഗതാഗതക്ക ുരു ക്കിൽ വലഞ്ഞ് കണിയാമ്പുഴ-എരൂർ റോഡ്. ഗതാഗതക്കുരുക്കിന് പേരെടുത്ത കൊച്ചിയിൽ റോഡിന്റെ വീതിയില്ലായ്മ മൂലം കുരുക്കൊഴിയാത്ത റോഡുകളി ലൊന്നായി മാറുകയാണ് ഈ വഴി. കിഴക്കൻ മേഖലയിൽനിന്നും വരുന്നവർക്ക് എരൂർ റോഡിലൂടെ വൈറ്റില ഹബിലേക്കെത്താൻ മിനിറ്റുകൾ മാത്രം മതി. റോഡിന്റെ വീതി ചില ഭാഗങ്ങളിൽ കുപ്പിക്കഴുത്തിന് സമാനമായ രീതിയിൽ ഇടുങ്ങിയതാണ് ഗതാഗത തടസമുണ്ടാക്കുന്നത്.
ഇത്തരം ഭാഗങ്ങളിൽ അത്യാവശ്യം വലിപ്പമുള്ള രണ്ട് വാഹനങ്ങൾ ഒരേ സമയം എതിർദിശകളിൽ നിന്നു വന്നാൽ ഗതാഗതം നിലയ്ക്കുന്ന അവസ്ഥയാണ്.
ഇതേസമയം തന്നെ ഇരുവശങ്ങളിൽനിന്നും കൂടുതൽ വാഹനങ്ങളെത്തുന്നതോടെ വാഹനങ്ങളുടെ നിര ഇരുഭാഗങ്ങളിലേക്കും നീളും. നഗരത്തിനുള്ളിലേയ്ക്കെത്താൻ എളുപ്പം സാധിക്കുമെന്നതിനാൽ തന്നെ കണിയാമ്പുഴ റോഡിൽ വാഹനങ്ങളുടെ തിരക്കാണ് എപ്പോഴും.
2017 വരെ വളരെ വീതി കുറവായിരുന്ന റോഡിന് ആ വർഷത്തെ ബജറ്റിൽ ആദ്യ ഘട്ടമായി 76 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് 2018ല്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ അല്പം വീതി കൂട്ടി ടാര്‍ ചെയ്തിരുന്നു. റോഡിന്റെ രണ്ടാം ഘട്ട വികസനത്തിന് സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളുള്ളതിനാല്‍ കിഫ്ബിക്ക് സമര്‍പ്പിച്ച പദ്ധതിക്ക് ഭരണാനുമതി ലഭിക്കാറായെന്ന് പറയപ്പെടുന്നതല്ലാതെ ഇതുവരെ യാതൊന്നും പ്രയോഗത്തിലായിട്ടില്ല.
റോഡിന് തീരെ വീതി കുറവായിരുന്ന അക്കാലത്ത് ഗതാഗതക്കുരുക്ക് ഭയന്ന് വാഹനങ്ങൾ അധികമൊന്നും ഇതിലൂടെ സഞ്ചരിച്ചിരുന്നില്ല. എന്നാൽ വീതി കുറച്ച് കൂടിയതോടെ ഡ്രൈവർമാർ ഈ റോഡ് യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് കൂടിയതും ഗതാഗതക്കുരുക്ക് കൂട്ടുകയാണ്.
മുൻകാലങ്ങളിൽ ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭ്യമായിരുന്ന കാലത്ത് ഭൂമിയേറ്റെടുക്കൽ സുഗമമായിരിക്കെ സ്ഥലത്തിന് പൊന്നുംവിലയുള്ള ഇക്കാലത്ത് കണിയാമ്പുഴ റോഡിൽ സ്ഥലമേറ്റെടുത്ത് റോഡിന്റെ വികസനം എന്ന് നടപ്പിലാക്കാൻ കഴിയുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
അത്രയും കാലം റോഡിലെ കുരുക്കിൽ കുടുങ്ങിക്കിടക്കാനാണ് നാട്ടുകാരുടെ വിധി.