റോഡ് നവീകരണം: ഇല്ലിച്ചോട് ഇടുങ്ങി, പ്രതിഷേധിച്ച് നാട്ടുകാര്‍
1300240
Monday, June 5, 2023 12:28 AM IST
പോത്താനിക്കാട്: സ്വകാര്യ വ്യക്തി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയിട്ടും പ്രയോജനപ്പെടുത്താതെ റോഡ് അപകടസ്ഥിതിയിലാക്കിയ അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. കക്കടാശേരി - ഞാറക്കാട് റോഡിന്റെ പോത്താനിക്കാട് ഇല്ലിച്ചുവടിലെ കൊടുംവളവാണ് വീതിയില്ലാതെ അപകടാവസ്ഥയിലായത്.
റോഡിലെ വളവിലുള്ള കുടിവെള്ള വിതരണ പൈപ്പ് മാറ്റിയിടുന്നതിനും വീതി കൂട്ടുന്നതിനുമായി ആവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഇത് ഏറ്റെടുക്കാതെ കെഎസ്ടിപി അധികൃതരും കരാറുകാരനും ചേര്‍ന്ന് വെല്ലുവിളി നടത്തുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ ഏറ്റവും അപകടം നിറഞ്ഞ വളവുകളില്‍ ഒന്നാണ് ഇവിടെയുള്ളത്.
കയറ്റവും വളവും ഒന്നിച്ചുള്ള ഈ ഭാഗത്ത് മണ്ണെടുത്ത് നീക്കിയപ്പോള്‍ നിലവിലുള്ള വീതി പോലും ഇല്ലാത്ത സ്ഥിതിയാണ്. ഇത് പരിഹരിക്കാന്‍ വിട്ടുകിട്ടിയ സ്ഥലം ഏറ്റെടുക്കുകയല്ലാതെ മാര്‍ഗമില്ല. എന്നാല്‍ കരാറുകാരന് ഇതിന് തയാറാകാതെ പണി നിര്‍ത്തി സ്ഥലം വിടുകയും ചെയ്തു. പൊടി ശല്യം രൂക്ഷമാക്കി പോത്താനിക്കാട് ടൗണില്‍ ടാറിംഗ് കുത്തിപ്പൊളിച്ചിട്ടിട്ട് ദിവസങ്ങളായി. ഇതിനൊന്നും പരിഹാരം ഇല്ലാതെയാണ് കരാറുകാരന് പണികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
റോഡിന് ആവശ്യമായ വീതി എടുക്കണമെന്നും സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. നാട്ടുകാരും റോഡ് വികസന സമിതിയും ചേര്‍ന്ന് വകുപ്പ് മന്ത്രിക്ക് പരാതിയും നല്കി.