വിദ്യാർഥിയെ മർദിച്ച കേസിലെ പ്രതി പിടിയിൽ
1300238
Monday, June 5, 2023 12:28 AM IST
പള്ളുരുത്തി: ഫോർട്ട്കൊച്ചി ബീച്ച് റോഡിൽ കളിച്ചു കൊണ്ടിരുന്ന വിദ്യാർഥിയെ മദ്യലഹരിയിൽ മർദിച്ച സംഭവത്തിൽ പ്രതി പിടിയിലായി. ബീച്ച് റോഡിൽ പുളിക്കൽ വീട്ടിൽ യേശുദാസിനെയാണ് തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബീച്ച് റോഡിൽ സുബിൻ സാമുവലിന്റെ മകൻ മിലൻ സാമുവൽ(14)നാണ് മർദനമേറ്റത്. കഴിഞ്ഞ 27 വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.വീടിന് സമീപം വഴിയരികിൽ കളിച്ചു കൊണ്ട് നിൽക്കുകയായിരുന്നു മിലനും സുഹൃത്തുക്കളും. സ്ഥലത്തെത്തിയ ഇയാൾ കുട്ടികളോട് കയർക്കുകയും അവിടെയുണ്ടായിരുന്ന സൈക്കിൾ മിലന്റെ കാലിലേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നീട് മിലന്റെ കൂട്ടുകാരന്റെ കഴുത്തിൽ കയറി പിടിച്ചതായും പറയുന്നു. സൈക്കിൾ മറിഞ്ഞുവീണ് മിലന്റെ കാലിന്റെ വിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
മിലനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഫോർട്ട്കൊച്ചി വെളി എഡ്വേർഡ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയാണ് മിലൻ.