വെള്ളക്കെട്ടിലായ ട്രാൻസ്ഫോർമറിന് ശാപമോക്ഷം
1300236
Monday, June 5, 2023 12:26 AM IST
വാഴക്കുളം: റോഡരിക് കോണ്‍ക്രീറ്റ് ചെയ്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ ട്രാൻസ്ഫോർമറിന് ശാപമോക്ഷം. കദളിക്കാടുനിന്ന് തെക്കുംമല വഴിയ്ക്കുള്ള കലയക്കാട് ട്രാൻസ്ഫോർമറാണ് വെള്ളക്കെട്ടിലായിരുന്നത്.
റോഡരികിൽ വെള്ളമൊഴുകുന്നതിന് മതിയായ ചരിവില്ലാതെ നടത്തിയ കോണ്ക്രീറ്റിംഗിനെതുടർന്ന് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന വൈദ്യുത പോസ്റ്റുകൾ വെള്ളത്തിൽ ചുറ്റപ്പെട്ടതു സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ട്രാൻസ്ഫോർമർ മുതൽ വെള്ളമൊഴുകുന്ന തോടു വരെയുള്ള കോണ്‍ക്രീറ്റിംഗ് ഒരടിയോളം വീതിയിലും ആഴത്തിലും പൊട്ടിച്ച് താഴ്ത്തിയാണ് ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കിയത്.
ടാർ റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്തതോടെയാണ് റോഡിലെ വെള്ളമൊഴുക്ക് തടസപ്പെട്ടത്. കോണ്‍ക്രീറ്റ് ചെയ്തപ്പോൾ ട്രാൻസ്ഫോർമറിനു സമീപത്തേക്ക് ചരിച്ച് കോണ്‍ക്രീറ്റ് ചെയ്തതാണ് പ്രശ്നമായിരുന്നത്. ചെറിയ മഴയിൽ പോലും വെള്ളമൊഴുകിയെത്തി പോസ്റ്റുകൾ വെള്ളക്കെട്ടിലാകുന്നതോടെ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വൈദ്യുതി വകുപ്പ് ജീവനക്കാർക്കും സുരക്ഷാ ഭീഷണിയായിരുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ ട്രാൻസ്ഫോർമറിന്റെ ചുവട്ടിൽനിന്ന് റോഡിലേക്ക് കയറി കെട്ടിക്കിടക്കുന്ന വെള്ളം പ്രദേശവാസികളിൽ ഉയർത്തിയിരുന്ന ആശങ്കയ്ക്കും ഇതോടെ പരിഹാരമായി.