ചക്കരമാമ്പഴം-മാംഗോ ഫെസ്റ്റ് നടത്തി
1299685
Saturday, June 3, 2023 1:07 AM IST
കൊച്ചി: ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചക്കരമാമ്പഴം മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു. തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളിന് സമീപമുള്ള ടാക്സി സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച മാംഗോ ഫസ്റ്റ് ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുക, കാര്ഷികോല്പന്നങ്ങള്ക്ക് മാന്യമായ വില ഉറപ്പാക്കി, കാര്‍ഷികരംഗം സജീവമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഗുണമേന്മയുള്ളതും വിഷരഹിതവുമായ അന്‍പതോളം മാങ്ങകള്‍ പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിരുന്നു. മാങ്ങയില്‍ നിന്നുള്ള വിവിധ മൂല്യ വര്‍ധന ഉത്പന്നങ്ങള്‍, മാമ്പഴ ഭക്ഷണവിഭവങ്ങള്‍, മേല്‍തരം മാവിന് തൈകള്‍, മറ്റു പഴവര്‍ഗങ്ങള്‍ എന്നിവയും ഫെസ്റ്റില്‍ ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായി. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് മുഖ്യപ്രഭാഷണം നടത്തി.