നേട്ടം കൊയ്ത് കോതമംഗലത്തെ കെഎസ്ആർടിസി ജംഗിൾ സവാരി
1299671
Saturday, June 3, 2023 1:05 AM IST
കോതമംഗലം: മികച്ച നേട്ടം കൈവരിച്ച് കോതമംഗലത്ത് കെഎസ്ആർടിസിയുടെ ജംഗിൾ സവാരി. കോതമംഗലം ഡിപ്പോയിൽനിന്ന് മൂന്നാർ, ചതുരംഗപ്പാറ, വയനാട്, വാഗമണ്‍, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ബജറ്റ് ടൂറിസം സർവീസ് നടത്തുന്നത്. ഇതോടെ കോതമംഗലം ഡിപ്പോ വലിയ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭ്യമാക്കുന്നത്. കഴിഞ്ഞമാസം ബജറ്റ് ടൂറിസം സർവീസിൽ കുതിപ്പുണ്ടാക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഇപ്പോൾ കോതമംഗലം ഡിപ്പോ. 19.5 ലക്ഷം രൂപയാണ് ടൂറിസം സർവീസുകളിൽ നിന്ന് മാത്രം ലഭിച്ച വരുമാനം. 56 ട്രിപ്പുകളിലായി സേവനം ഉപയോഗപ്പെടുത്തിയത് 3,661 പേർ. ഒരു മാസം ഇത്രയും വലിയ വരുമാനമുണ്ടാക്കുന്ന ആദ്യത്തെ ഡിപ്പോയാണ് കോതമംഗലം.
2021 നവബറിൽ മൂന്നാറിനുള്ള ജംഗിൾ സഫാരിയോടെയാണ് കോതമംഗലം ഡിപ്പോയിൽ ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുന്നത്. തുടർന്നിങ്ങോട്ട് നടത്തിയത് അഞ്ഞൂറോളം ട്രിപ്പുകളാണ്. കാൽലക്ഷം പേർ യാത്ര ചെയ്തു. രണ്ടു കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനമായി ലഭിച്ചത്.
ഇടുക്കി, എറണാകുളം ജില്ലകളുടെ കോ-ഓർഡിനേറ്ററായ എൻ.ആർ. രാജീവ്, കോതമംഗലത്തെ കണ്ട്രോളിംഗ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം എന്നിവരാണ് കോതമംഗലത്തു നിന്നുള്ള ബജറ്റ് ടൂറിസം സർവീസിന് ചുക്കാൻ പിടിക്കുന്നത്.
മണ്‍സൂണ്‍കാല ട്രിപ്പുകളും ഡിപ്പോയിൽനിന്ന് ആസുത്രണം ചെയ്യുന്നുണ്ട്.