നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി
1299667
Saturday, June 3, 2023 1:02 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ വനിതാ അംഗത്തെ അധിക്ഷേപിച്ച നഗരസഭാംഗം അജി മുണ്ടാടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ പ്രമീള ഗിരീഷ് കുമാറിനെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ ജനാധിപത്യ മഹിള അസോസിയേഷൻ, ബിജെപി പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിൽ യോഗത്തിനു ശേഷം അജി മുണ്ടാടൻ തന്നോട് മോശമായ രീതിയിൽ സംസാരിയ്ക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പ്രമീള ഗിരീഷ് കുമാർ പറയുന്നത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന രീതിയിൽ യാതൊന്നും പറഞ്ഞിട്ടില്ലെന്നും അജി മുണ്ടാടൻ വ്യക്തമാക്കി.
ഇരുപാർട്ടികളുടെയും പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് രാവിലെ മുതൽ നഗരസഭാ ഓഫീസിനു മുന്നിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ പ്രതിഷേധ മാർച്ച്.
നഗരസഭാ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ സിപിഎം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി.പി. നിഷ അധ്യക്ഷത വഹിച്ചു. സി.കെ. സോമൻ, സജി ജോർജ്, കെ.എൻ. ജയപ്രകാശ്,ആർ. രാകേഷ്, പി.എം. ഇബ്രാഹിം, ഷാലി ജെയിൻ, സീനത്ത് മീരാൻ, സ്മിത ദിലീപ്, സെലിൻ ജോർജ്, നിസ അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിജെപി മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തിലായിരുന്നു നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് നടന്ന ധർണ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹൻ ഉദ്ഘാടനം ചെയ്തു. ബിജെപി മൂവാറ്റുപുഴ മണ്ഡലം ഉപാധ്യക്ഷൻ സലിം കറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. അജി മുണ്ടാടനെ പുറത്താക്കുവാൻ നഗരസഭാധ്യക്ഷൻ തയാറായില്ലെങ്കിൽ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അരുണ്‍ പി. മോഹൻ പറഞ്ഞു.