മാലിന്യമുക്ത നവകേരളം കാംപയിൻ: അഞ്ചിന് ഹരിതസഭകള്‍ ചേരും
1299665
Saturday, June 3, 2023 1:02 AM IST
കൊച്ചി: മാലിന്യമുക്ത നവകേരളം കാംപയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അഞ്ചിന് ഹരിതസഭകള്‍ ചേരും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാതല സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു. നവകേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിനിയുടെ അധ്യക്ഷത വഹിച്ചു.
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളും സഹിതം വിപുലമായ റിപ്പോര്‍ട്ട് ഹരിതസഭകളില്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകളില്‍ ജനകീയ ഓഡിറ്റിംഗും സംഘടിപ്പിക്കും. ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ പിന്നോട്ട് പോകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ജില്ലയിലെ 30ലധികം തദ്ദേശ സ്ഥാപനങ്ങള്‍ ഈ മാസം അഞ്ചിന് വലിച്ചെറിയല്‍ മുക്തമായതായി പ്രഖ്യാപിക്കും. യോഗത്തില്‍ ശുചിത്വ മിഷന്, കില, കുടുംബശ്രീ, നവകേരള മിഷന് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.