നഗരത്തിലെ മാലിന്യ നീക്കം ഇന്നലെയും താറുമാറായി
1299660
Saturday, June 3, 2023 1:02 AM IST
കൊച്ചി: നഗരത്തിലെ മാലിന്യ നീക്കം സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കല്ലുകടി. കരാര്‍ ഏറ്റെടുത്ത ഒരു ഏജന്‍സി മാലിന്യ നീക്കത്തില്‍ നിന്നും പിന്മാറി. മാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭീഷണിയാണ് കാരണമെന്നാണ് സൂചന. ഒരു ഏജന്‍സി കുറഞ്ഞതോടെ ഇന്നലെ നഗരത്തിലെ മാലിന്യ നീക്കം കൂടുതല്‍ താറുമാറായി.
ഹൈറേഞ്ച് ഫാം ആന്‍ഡ് പോളിമര്‍ സൊല്യൂഷന് എന്ന കമ്പനിയാണ് പിന്മാറിയിരിക്കുന്നതെന്നാണ് സൂചന. മറ്റു രണ്ട് ഏജന്‍സികള്‍ ഇന്നലെ മാലിന്യം ശേഖരിച്ചെങ്കിലും ആദ്യ ദിവസത്തേക്കാള്‍ കുറവ് മാലിന്യമാണ് ഇവര്‍ കൊണ്ടുപോയത്. ആദ്യ ദിവസം ശേഖരിച്ച ഇടങ്ങളില്‍ ഇന്നലെ മാലിന്യം എടുത്തില്ല. മാലിന്യ വാഹനങ്ങളുടെ കുറവു മൂലമാണ് എല്ലായിടങ്ങളിലും എത്തിപ്പെടാന്‍ കഴിയാത്തതെന്നാണ് കമ്പനികളുടെ ന്യായവാദം. ഇന്നുമുതല്‍ കൂടുതല്‍ വാഹനങ്ങളെത്തിച്ച് പരമാവധി മാലിന്യം നീക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ഒന്നാം തീയതി മുതലാണ് നഗരത്തിലെ മാലിന്യ നീക്കം സ്വകാര്യ ഏജന്‍സികളെ എല്പിച്ചു തുടങ്ങിയത്. വീടുകളില്‍ നിന്ന് ഹരിത കര്‍മ സേന എടുക്കുന്ന മാലിന്യം കളക്ഷന്‍ പോയിന്റുകളില്‍ നിന്ന് ഏജന്‍സികള്‍ ശേഖരിച്ച് കൊണ്ടുപോകും. ആദ്യ ദിവസം 22 ലോഡ് മാത്രമാണ് ഏജന്‍സികള്‍ കൊണ്ടുപോയതെങ്കില്‍ ഇന്നലെയത് 15 ലോഡില്‍ താഴെയായി കുറഞ്ഞു. ശേഷിച്ച മാലിന്യങ്ങള്‍ കോര്‍പറേഷന്റെ ലോറികളില്‍ ബ്രഹ്മപുരത്തേക്കു കൊണ്ടുപോകുകയാണുണ്ടായത്.
ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആന്‍ഡ് പോളിമര്‍ സൊല്യൂഷന്, വി കെയര്‍ ഷോപ്പിംഗ് എന്നീ ഏജന്‍സികളുമായാണ് ജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ നഗരസഭ കരാര്‍ ഒപ്പിട്ടത്. വീടുകളിലെയും ചെറുകിട ഭക്ഷണ ശാലകളിലെയും സാഥാപനങ്ങളിലെയും ജൈവ മാലിന്യം ശേഖരിച്ച് ഹരിതകര്‍മസേന കൊച്ചിയിലെ ഇരുപത്തിയൊന്ന് കലക്ഷന്‍ പോയിന്റുകളില്‍ എത്തിക്കും. ഇവിടെ നിന്നും ഈ ഏജന്‍സികള്‍ മാലിന്യം ശേഖരിച്ചു കൊണ്ടുപോകും. എന്നാല്‍ വന്‍തോതില്‍ മാലിന്യം ഉണ്ടാകുന്ന ഫ്ലാറ്റുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ ഏജന്‍സികള്‍ മാലിന്യം ശേഖരിക്കില്ല.
ഒരു ടണ്ണിന് 4000 രൂപയാണു മാലിന്യം കൊണ്ടു പോകാന്‍ കമ്പനികള്‍ക്കു കോര്പറേഷന് നല്‍കേണ്ടത്. പ്രതിദിനം ശരാശരി 150 ടണ്‍ മാലിന്യം കൊണ്ടുപോകുന്നുവെങ്കില്‍ പ്രതിദിനം കോര്പറേഷന് ആറ് ലക്ഷം രൂപ കമ്പനികള്‍ക്ക് നല്‍കണം. ഒരു വര്‍ഷത്തിന് 22 കോടി രൂപയാകും. ബ്രഹ്മപുരത്തു പുതിയ പ്ലാന്റ് പണിയാനെടുക്കുന്ന രണ്ടു വര്‍ഷത്തേക്കെങ്കിലും ഇത് തുടരും. ആ നിലയ്ക്ക് വലിയ സാമ്പത്തിക ഭാരമാകും കോര്പറേഷന് ഉണ്ടാകുക.