വർണാഭം പ്രവേശനോത്സവം
1299402
Friday, June 2, 2023 12:45 AM IST
മൂവാറ്റുപുഴ: അക്ഷര ദീപങ്ങൾ തെളിച്ചും കുട്ടികൾക്ക് പൂക്കളും ബലൂണുകളും നൽകി നാടെങ്ങും സ്കൂൾ പ്രവേശനോത്സവം വർണാഭമായി. മൂവാറ്റുപുഴ ഉപജില്ലാതല പ്രവേശനോത്സവം കടാതി ഗവ. എൽപി സ്കൂളിൽ നടന്നു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നവാഗതരെ കിരീടം അണിയിച്ച് സ്വീകരിച്ചു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: നിർമല ജൂണിയർ സ്കൂളിൽ വിപുലമായ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക സിസ്റ്റർ ലൂസി മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ചേർന്നാണ് കുട്ടികളെ വരവേറ്റത്.
വാഴക്കുളം: ഇൻഫന്റ് ജീസസ് സ്കൂൾ പ്രവേശനോത്സവം പഞ്ചായത്തംഗം പി.എസ്. സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് മൂവാറ്റുപുഴ എക്സൈസ് ഉദ്യോഗസ്ഥരും സ്നേഹിത ഹെൽപ്പ് ഡെസ്ക് പ്രവർത്തകരും ക്ലാസ് നയിച്ചു.
വീട്ടൂർ: എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നവാഗതരെ മധുരം വിതരണം ചെയ്തും പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടുംകൂടി സ്വീകരിച്ചു. പ്രവേശനോത്സവം യാക്കോബായ സഭ വീട്ടൂർ ദയറ മെത്രാപ്പോലീത്ത മാത്യൂസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി.
കല്ലൂർക്കാട്: തഴുവംകുന്ന് ലിറ്റിൽ ഫ്ളവർ എൽപി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്തംഗം സുജിത് ബേബി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോസ് അറയ്ക്കൽ, പ്രധാനാധ്യാപിക ഷേർളി ജെയിംസ്, സൗമ്യ ബിനോയ് എന്നിവർ പ്രസംഗിച്ചു.
വാഴക്കുളം: സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ആവോലി സിഡിഎസ് ജൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹിത പരിപാടി സംഘടിപ്പിച്ചു. സ്നേഹിത ടോൾ ഫ്രീ നന്പർ ഉൾപ്പെട്ട കാർഡ് പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയക്കു നൽകി ചെയർപേഴ്സണ്‍ സ്മിത വിനു ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി കൗണ്‍സിലർ സിന്ധു മോഹനൻ പദ്ധതി വിശദീകരിച്ചു.
വാഴക്കുളം: കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ മെർളി തെങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു.
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്‍ഡ് ജൂണിയർ കോളജിൽ നടന്ന പ്രവേശനോത്സവം ഫാ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു.
ഊന്നുകൽ: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ അധ്യക്ഷത വഹിച്ചു.
കോതമംഗലം: കോതമംഗലം ഉപജില്ലാതല പ്രവേശനോത്സവം രാമല്ലൂർ എസ്എച്ച് എൽപി സ്കൂളിൽ ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം സിന്ധു ജിജോ അധ്യക്ഷത വഹിച്ചു. ഡിഇഒ പ്രീത രാമചന്ദ്രൻ, എഇഒ കെ.പി. സുധീർ, ബിപിസി കെ.ബി. സജീവ്, ജയ്സ് പി. ജോസ്, സിസ്റ്റർ മരിയാൻസി, സിസ്റ്റർ അനുജ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്രയോടെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്.
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ പ്രവേശനോത്സവം ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ജസീന അധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.വി. തോമസ്, സോണി മാത്യു, സിസ്റ്റർ ജൂലി ജോർജ്, ഷാനി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ ആമുഖ സന്ദേശം നൽകി. ഈ വർഷം 450 കുട്ടികളാണ് സ്കൂളിൽ നവാഗതരായിട്ടുള്ളത്.
മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സിഎഫ്സിഐസിഐ ബാങ്ക് സോണൽ മാനേജർ സെബിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം, ജോയിസ് മേരി ആന്റണി, ജോസ് കുര്യാക്കോസ്, ഫാ. ഫ്രാൻസിസ് മഠത്തിപറന്പിൽ എന്നിവർ പ്രസംഗിച്ചു.
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ നവാഗതര്‍ക്ക് നല്കിയ സ്വീകരണയോഗം പഞ്ചായത്തംഗം സണ്ണി കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വരാരപ്പിള്ളി അധ്യക്ഷത വഹിച്ചു. പാഠപുസ്തക വിതരണോദ്ഘാടനം ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് നിര്‍വഹിച്ചു.
പോത്താനിക്കാട്: പുളിന്താനം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ആശ സി. യാക്കോബ് അധ്യക്ഷത വഹിച്ചു.
വാഴക്കുളം: സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ പ്രവേശനോത്സവം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ, ലോക്കൽ മാനേജർ സിസ്റ്റർ ലീന ഗ്രേസ്, റെബി ജോസ് എന്നിവർ പ്രസംഗിച്ചു.