പ്രവേശനോത്സവത്തിലെ താരങ്ങളായി ട്രിപ്ലറ്റ്സും ഇരട്ടകളും
1299400
Friday, June 2, 2023 12:45 AM IST
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തിയ ഒറ്റപ്രസവത്തിലെ മൂന്ന് കുട്ടികളും ഇട്ടക്കുട്ടികളും പ്രവേശനേത്സവത്തിലെ താരങ്ങളായി. ഇവരടക്കം 65ൽ പരം കുട്ടികളാണ് ഇവിടെ ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. ഊന്നുകൽ തേൻകോട് കിഴക്കേടത്ത് ബിനു-അനു ദന്പതികളുടെ മൂന്നാണ് മക്കളായ ഹെൽവിൻ ബിനു, ഹെൽവിസ് ബിനു, ഹൈവിൻ ബിനു എന്നിവരാണ് ജില്ലയിൽ പ്രവേശനോത്സവത്തിൽ താരങ്ങളായ ട്രിപ്ലറ്റ്സ്. ഒരേതരം ഡ്രസ് അണിഞ്ഞെത്തിയ ഇവർക്ക് കാഴ്ചയിൽ മാത്രമല്ല പെരുമാറ്റത്തിലും എറെ സാമ്യമുണ്ട്.
നേര്യമംഗലം പഴന്പിള്ളിച്ചാൽ ഒന്പിള്ളിൽ ജോർജ് ഫ്രാൻസിസ് - മെർലിൻ ജോർജ് ദന്പതികളുടെ ആണ്മക്കളായ ക്രിസ് ജോർജ്, ക്രിസ്റ്റോ ജോർജ് എന്നിവരാണ് ഇരട്ട ജോഡികളിലൊന്ന്. നേര്യമംഗലം പഴപ്പനാൽ മെൽവിൻ - മേൽബി ബേബി ദന്പതികളുടെ മക്കളായ ബേസിൽ മെൽവിൻ, മരിയ മെൽവിൻ എന്നിവരാണ് ഇരട്ടക്കൂട്ടത്തിലെ മറ്റ് താരങ്ങൾ. ഊന്നുകൽ എസ്ഐ കെ.പി. സിദ്ധീഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ അധ്യക്ഷത വഹിച്ചു.