47 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1299396
Friday, June 2, 2023 12:44 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപ വില വരുന്ന 907.19 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ പുലർച്ചെ ക്വാലാലംപൂരിൽ നിന്നെത്തിയ മലേഷ്യൻ സ്വദേശി തനി സ്വരൻ കുപ്പുസ്വാമിയുടെ പക്കൽനിന്ന് 37 ലക്ഷം രൂപ വിലവരുന്ന 710. 39 ഗ്രാം സ്വർണമാണ് പിടികൂടിയത്. മൂന്നു സ്വർണമാലയും മൂന്നു സ്വർണ വളകളും ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ഇന്നലെ പുലർച്ചെ ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനായ പാലക്കാട് സ്വദേശി മുഹമ്മദ് റാഷിദിന്റെ പക്കൽനിന്ന് 10 ലക്ഷം രൂപ വിലവരുന്ന 196.8 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണമിശ്രിതം കാൽപാദത്തിനടിയിൽ ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്. രണ്ടു സ്വർണമാലയും പിടിച്ചെടുത്തു.