വയോധികയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ
1299394
Friday, June 2, 2023 12:44 AM IST
കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) ആണ് മരിച്ചത്. വെട്ടിക്കൽ സ്വകാര്യ സ്കൂളിലെ താല്ക്കാലിക ജീവനക്കാരിയായിരുന്നു.
അധ്യയന വർഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സരളയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പുത്തൻകുരിശ് പോലീസിൽ വിവരമറിയിച്ചു. മൃതദേഹത്തിനടുത്ത് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. മണ്ണണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വൈറ്റിലയിലെ ദേശസാത്കൃത ബാങ്കിൽ നിന്ന് വീട് നിർമിക്കുന്നതിന് വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു മാസം മുമ്പ് ഒന്പത് ലക്ഷത്തോളം രൂപ കുടിശിക കാണിച്ച് ബാങ്ക് അധികൃതർ സരളയുടെ വീടിന് മുന്നിൽ നോട്ടീസ് പതിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാകാം അത്മഹത്യയിലേക്ക് നയിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.
സരളയ്ക്ക് ദുബായിൽ ജോലി ചെയ്യുന്ന മകനും രണ്ടും പെൺമക്കളുമാണുള്ളത്. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.