ആശയക്കുഴപ്പത്തില്‍ ആദ്യദിനം
1299390
Friday, June 2, 2023 12:44 AM IST
കൊച്ചി: നഗരത്തിലെ മാലിന്യ നീക്കം സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്ത ആദ്യദിനം സര്‍വത്ര ആശയക്കുഴപ്പം. കളക്ഷന്‍ പോയിന്റുകളില്‍ കമ്പനികളുടെ വാഹനങ്ങള്‍ വൈകിവന്നതു മുതല്‍ മാലിന്യങ്ങള്‍ തരംതിരിച്ച് കൊണ്ടുപോകുന്നതില്‍ വരെ ആശയക്കുഴപ്പവും കാലതാമസവും ഉണ്ടായി. ഇതേ തുടര്‍ന്ന് 70 ശതമാനം ജൈവമാലിന്യങ്ങള്‍ മാത്രമേ കമ്പനികള്‍ക്ക് കൊണ്ടുപോകാന്‍ സാധിച്ചുള്ളു. ശേഷിക്കുന്ന മാലിന്യങ്ങള്‍ ഇന്നലെ ബ്രഹ്പുരത്തേക്കു തന്നെ കൊണ്ടുപോകേണ്ടിവന്നു.
32 ലോഡ് ജൈവ മാലിന്യമാണ് ദിവസേന ബ്രഹ്മപുരത്തേക്ക് എത്തിച്ചുവന്നിരുന്നത്. മാലിന്യ നീക്കം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക വഴി ബ്രഹ്മപുരത്തേക്ക് ജൈവമാലിന്യം കൊണ്ടുപോകുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കഴിയുമെന്നായിരുന്നു മേയര്‍ എം. അനില്‍കുമാര്‍ അവകാശപ്പെട്ടിരുന്നത്. ഇന്നലെ പക്ഷേ 22 ലോഡ് മാത്രമാണ് കമ്പനികള്‍ കൊണ്ടുപോയത്. ശേഷിച്ച 10 ലോഡ് മാലിന്യം ബ്രഹ്മപുരത്തേക്ക് എത്തിക്കേണ്ടിവന്നു. ഇതില്‍ ആറു ലോഡും പശ്ചിമ കൊച്ചിയില്‍ നിന്നുള്ളതായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റമറ്റ നിലയില്‍ മാലിന്യ നീക്കം നടപ്പാക്കാനാകുമെന്ന് മേയർ പറഞ്ഞു.
ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആന്‍ഡ് പോളിമര്‍ സൊല്യൂഷന്, വി കെയര്‍ ഷോപ്പിംഗ് എന്നീ ഏജന്‍സികളുമായാണ് ജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ നഗരസഭ കരാര്‍ ഒപ്പിട്ടത്. വീടുകളിലെയും ചെറുകിട ഭക്ഷണ ശാലകളിലെയും സാഥാപനങ്ങളിലെയും ജൈവ മാലിന്യം ശേഖരിച്ച് ഹരിതകര്‍മസേന കൊച്ചിയിലെ 21 കളക്ഷന്‍ പോയന്റുകളില്‍ എത്തിക്കും. ഇവിടെ നിന്നും ഈ ഏജന്‍സികള്‍ മാലിന്യം ശേഖരിച്ച് കൊണ്ടുപോകും. എന്നാല്‍ വന്‍തോതില്‍ മാലിന്യം ഉണ്ടാകുന്ന ഫ്ളാറ്റുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ ഏജന്‍സികള്‍ മാലിന്യം ശേഖരിക്കില്ല.
ഒരു ടണ്ണിന് 4,000 രൂപയാണു മാലിന്യം കൊണ്ടുപോകാന്‍ കമ്പനികള്‍ക്കു കോര്പറേഷന് നല്‍കേണ്ടത്. പ്രതിദിനം ശരാശരി 150 ടണ്‍ മാലിന്യം കൊണ്ടുപോകുന്നുവെങ്കില്‍ പ്രതിദിനം കോര്പറേഷന് ആറ് ലക്ഷം രൂപ കമ്പനികള്‍ക്കു നല്‍കണം. ഒരു വര്‍ഷത്തിന് 22 കോടി രൂപയാകും. ബ്രഹ്മപുരത്തു പുതിയ പ്ലാന്റ് പണിയാനെടുക്കുന്ന രണ്ടു വര്‍ഷത്തേക്കെങ്കിലും ഇത് തുടരും. ആ നിലയ്ക്ക് വലിയ സാമ്പത്തിക ഭാരമാകും കോര്പറേഷന് ഉണ്ടാകുക.
എറണാകുളം മാര്‍ക്കറ്റിലെ മാലിന്യവും നാളെ മുതല്‍ ഏജന്‍സികള്‍ക്കു നല്‍കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. അതേസമയം നഗരസഭയുമായി കരാറായ ഏജന്‍സികള്‍ മാലിന്യം എവിടെ സംസ്കരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേക്കുറിച്ച് കഴിഞ്ഞ കൗണ്‍സിലില്‍ ഭരണപ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടിയതോടെയാണ് അക്കാര്യം ശുചിത്വ മിഷന് ഉറപ്പാക്കുമെന്ന് മേയര്‍ പറഞ്ഞത്.