എസ്എഫ്ഐ നേതാവിനെ ആക്രമിച്ച കേസ്: ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു ശിക്ഷ
1299388
Friday, June 2, 2023 12:40 AM IST
പറവൂർ: എസ്എഫ്ഐ നേതാവായ തങ്കരാജിനെ ആക്രമിച്ച കേസിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരെ കോടതി ശിക്ഷിച്ചു.
ബിജെപി വടക്കേക്കര മുൻ മണ്ഡലം പ്രസിഡന്റ് മൂത്തകുന്നം ഓടശേരി ബൈജു (43), കുഴുപ്പിള്ളി എടശ്ശേരി രജനീഷ് (37), കുഴുപ്പിള്ളി ആറുകാട്ടിൽ സനൂപ് (40), പള്ളിപ്പുറം നെടുംപറമ്പിൽ ഷിബു (55) എന്നിവരെയാണ് അഞ്ചു മാസത്തെ തടവിന് പറവൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 മജിസ്ട്രേറ്റ് ആർ. പ്രലിൻ ശിക്ഷിച്ചത്.
2011 ഫെബ്രുവരി നാലിനാണ് സംഭവം.മാല്യങ്കര എസ്എൻഎം കോളേജിലെ സ്പോർട്സ് ദിനാഘോഷങ്ങൾക്കിടെ കോളജ് കാമ്പസിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ ഇവർ കോളജ് യൂണിയൻ ചെയർമാനായ തങ്കരാജിനെ രാഷ്ട്രീയ വൈരാഗ്യത്താൽ ആക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ തങ്കരാജിന്റെ കാലിന് ഒടിവ് സംഭവിച്ചു.
ശബരിമലയിൽ അക്രമം നടത്തിയ കേസിലും വടക്കേക്കര പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിലും പ്രതിയാണ് ബൈജു.
മറ്റ് മൂന്നു പേരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. പ്രോസിക്യൂഷന് വേണ്ടി എപിപി ലെനിൻ പി. സുകുമാരൻ ഹാജരായി.