അനധികൃത പാർക്കിംഗ്: തട്ടാംപടി കവലയിൽ അപകടം പതിവാകുന്നു
1299387
Friday, June 2, 2023 12:40 AM IST
കരുമാലൂർ: തട്ടാംപടി കവലയിലെ അനധികൃത പാർക്കിംഗ് മൂലം അടിക്കടി അപകടങ്ങൾ സംഭവിക്കുന്നതു വാഹനയാത്രികർക്കു ദുരിതമാകുന്നു.
റോഡിന്റെ ഇരുവശങ്ങളിലും രാവിലെ മുതൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതുമൂലം ബസുകൾക്കു കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തിലാണു റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത്.
ആലുവ-പറവൂർ പ്രധാനപാതയിൽ ഏറെ തിരക്കനുഭവപ്പെടുന്ന കവലകളിലൊന്നാണ് തട്ടാംപടി. വ്യാപാര സ്ഥാപനങ്ങൾ, പണമിടപാടു സ്ഥാപനങ്ങൾ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
കവലയിലെ എൻഎസ്എസ് ഷോപ്പിംഗ് കോംപ്ലക്സിലെ പാർക്കിംഗ് സൗകര്യം അടച്ചു കെട്ടിയതോടെ ഇവിടത്തെ സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതു ജനങ്ങളെ ബുദ്ധമുട്ടിലാക്കുന്നു.
പലതവണ പഞ്ചായത്തിലും പോലീസിലും പരാതി പറഞ്ഞിട്ടും തട്ടാംപടി കവലയിൽ പാർക്കിംഗ് സൗകര്യം ഒരുക്കാൻ കരുമാലൂർ പഞ്ചായത്ത് അധികൃതരും ആലങ്ങാട് പോലീസും നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.