ശുചിമുറി മാലിന്യം ഇടതുകര കനാലിലേക്ക്; സിപിഎം പ്രതിഷേധം
1299385
Friday, June 2, 2023 12:40 AM IST
അങ്കമാലി: ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽനിന്നു ശുചിമുറി മാലിന്യം ഇടതുകര കനാലിലേക്ക് ഒഴുക്കുന്നതിനെതിരേ സിപിഎം പ്രതിഷേധിച്ചു ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, പഞ്ചായത്ത് അംഗം ജോണി മയ്പാൻ, ഏഴാറ്റുമുഖം ബ്രാഞ്ച് സെക്രട്ടറി കെ.ആർ. നിഷാദ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കറുകുറ്റി, മൂക്കന്നൂർ, കൊരട്ടി, പാറക്കടവ്, മഞ്ഞപ്ര എന്നീ പഞ്ചായത്തുകളിലേക്ക് ജലം പോകുന്ന കനാലിലേക്ക് മലിനജലം ഒഴുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട ഡിടിപിസി സെക്രട്ടറിയോടും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറോടും നടത്തിപ്പുകാരോടും ആവശ്യപ്പെട്ടു.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയതിന് ശേഷം മാത്രം പ്രകൃതി ഗ്രാമം തുറന്നു പ്രവർത്തിച്ചാൽ മതിയെന്ന് പഞ്ചായത്ത് മെമ്പറും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാട്ടുകാരും ആവശ്യപ്പെട്ടു. പദ്ധതി സ്ഥലം സന്ദർശിച്ച് പരിഹാരം കാണാമെന്ന് ഡിടിപിസി സെക്രട്ടറിയുടെയും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെയും ഉറപ്പിനെ തുടർന്ന് നാട്ടുകാർ അവിടുന്ന് താത്കാലികമായി പിൻവാങ്ങി.