സ്നേഹിതയ്ക്ക് വീടൊരുക്കി അധ്യയന വർഷാരംഭം
1299380
Friday, June 2, 2023 12:40 AM IST
തോപ്പുംപടി: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നല്ല പാഠങ്ങൾ സമ്മാനിക്കുകയാണ് ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. അധ്യയന വർഷാരംഭത്തിൽ സ്കൂളിലെ നിർധനയായ ഒരു വിദ്യാർഥിനിക്ക് ഭവനമൊരുക്കിയാണ് സ്കൂൾ മാതൃകയാകുന്നത്. സ്കൂളിൽ നിന്ന് ഇത്തവണ പത്താം തരം പഠിച്ചിറങ്ങിയ മട്ടാഞ്ചേരി പപ്പങ്ങമുക്ക് വട്ടമാക്കൽ സ്വദേശിനിയായ കുട്ടിക്കാണ് സ്കൂൾ ഭവനമൊരുക്കിയത്.
മൂന്ന് മാസം മുമ്പാണ് സ്നേഹിതക്കൊരു കൈത്താങ്ങ് എന്ന പദ്ധതി വഴി അർഹതപെട്ട കുട്ടിക്ക് ഭവനം നിർമിക്കാൻ സ്കൂൾ മാനേജ്മെന്റും പിടിഎയും അധ്യാപകരും വിദ്യാർഥികളും തീരുമാനിച്ചത്. തുടർന്ന് ആറര ലക്ഷം രൂപ ചെലവൊഴിച്ച് മനോഹരമായ ഭവനം മൂന്ന് മാസം കൊണ്ട് ഒരുക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് അപകടത്തെത്തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.അമ്മ തയ്യൽ ജോലി നോക്കിയാണ് ഉപജീവനം നടത്തുന്നത്.അധ്യയന വർഷാരംഭത്തിൽ തന്നെ ഭവനം കൈമാറണമെന്ന തീരുമാനം എടുത്ത് ദ്രുതഗതിയിലാണ് നിർമാണം പൂർത്തിയാക്കിയത്.
പ്രധാനധ്യാപിക സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ അധ്യാപകരായ കനോസ റോസ്, സിസ്റ്റർ ലിസി ജോസഫ്, ഹെയ്സൽ മാർട്ടിൻ, വി.എസ്. അരുൺ, മിനി ട്രീസ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഭവന നിർമാണത്തിന് നേതൃത്വം നൽകിയത്.
സ്കൂൾ മാനേജർ ആഗ്നസ് ആന്റണി ഭവനത്തിന്റെ താക്കോൽ കൈമാറി. പ്രധാനധ്യാപിക സിസ്റ്റർ ജിജി അലക്സാണ്ടർ, പിടിഎ പ്രസിഡന്റ് കെ.ബി. സലാം എന്നിവർ സംസാരിച്ചു.