പുതുതലമുറയ്ക്ക് പ്രേഷിതാനുഭവമായി നാഗാലാൻഡിലേക്ക് മിഷൻ യാത്ര
1299149
Thursday, June 1, 2023 12:53 AM IST
കൊച്ചി: വിശ്വാസ പരിശീലന വിദ്യാര്‍ഥികളില്‍ പ്രേഷിത തീക്ഷ്ണത വളര്‍ത്തുന്നതിന് നാഗാലാന്‍ഡിലേക്ക് മിഷന് യാത്ര നടത്തി. എറണാകുളം- അങ്കമാലി അതിരൂപതയിലെ കാരുകുന്ന് സെന്റ് ജോസഫ് ഇടവകയിലെ മതബോധന വിദ്യാര്‍ഥികളാണ് വികാരി ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്റെ നേതൃത്വത്തില്‍ മിഷന് യാത്ര നടത്തിയത്.
മൂന്നു ദിവസത്തെ ട്രെയിന്‍ യാത്രയ്ക്കൊടുവിലാണ് വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സംഘം നാഗാലാന്ഡിലെത്തിയത്. ഉര്‍സുലൈന്‍ സന്യാസിനിമാരുടെയും ജസ്യൂട്ട് വൈദികരുടെയും നേതൃത്വത്തിലുള്ള മിഷന് പ്രദേശങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു.
പുല്ലുകളും ഷീറ്റുകളും കൊണ്ടു നിര്‍മിച്ച ചെറിയ വീടുകളിലെ സന്ദര്‍ശനം നവ്യാനുഭവമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒരു മുറിയും അടുക്കളയുമാണ് വീടുകള്‍ക്കുള്ളത്. വിവിധ വിദ്യാലയങ്ങളിലും സഭാ സ്ഥാപനങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. നാഗാലാന്‍ഡിലെ ജനങ്ങളുടെ ജീവിത, വിശ്വാസ അനുഭവങ്ങള്‍ പ്രചോദനം പകരുന്നതായെന്നു ഫാ. വടക്കുംപാടന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഒരുക്കങ്ങള്ക്കൊടുവിലായിരുന്നു മിഷന് യാത്ര. യാത്രയ്ക്കുള്ള തുക സമാഹരിക്കാന്‍ ഇടവകയില്‍ ഉത്പന്നപ്പിരിവ്, കൂട്ടുലേലം, ഫുഡ് ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.