പിണറായി സർക്കാർ കത്തിക്കൽ സർക്കാരായി മാറി: കെ. മുരളീധരൻ
1299147
Thursday, June 1, 2023 12:53 AM IST
പള്ളുരുത്തി: രണ്ടാം വാർഷികത്തിൽ പിണറായി സർക്കാർ കത്തിക്കൽ സർക്കാരായി മാറിയെന്നു കെ. മുരളീധരൻ എംപി. ബ്രഹ്മപുരത്ത് തുടങ്ങിയ കത്തിക്കൽ മരുന്നു സംഭരണശാലയിൽ എത്തി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊച്ചി നഗരസഭയുടെ മാലിന്യ സംസ്കരണ പരാജയത്തിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന വാഹന പ്രചാരണ ജാഥയുടെ സമാപനം പള്ളുരുത്തി കച്ചേരിപ്പടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരെ എന്ത് ആരോപണം വന്നാലും മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലൻസ് സംവിധാനമാണ് അന്വേഷിക്കുന്നത്. സർക്കാരിനെ വെള്ള പൂശുന്ന ചുമതലയാണ് അവർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, മുൻ മേയർ ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, ഐ.കെ. രാജു, സുനില സിബി, എൻ.ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.