തൃക്കാക്കരയിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ
1299145
Thursday, June 1, 2023 12:52 AM IST
കാക്കനാട് : തൃക്കാക്കരയിൽ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനെതിരേ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ നഗരസഭാ കവാടത്തിൽ മാലിന്യക്കവറുമായി എത്തിയാണ് പ്രതിഷേധിച്ചത്.
മാലിന്യക്കവറുമായി പ്രതിഷേധിക്കാനെത്തിയ കൗൺസിലർമാരെ നഗരസഭ ഓഫീസിനുള്ളിലേക്ക് കയറുന്നതിനിടെ പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ഏറെനേരം നീണ്ട മൽപിടുത്തത്തിനൊടുവിൽ ചെയർപേഴ്സന്റെ കാബിന് മുന്നിൽ മാലിന്യക്കവർ വച്ച് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് ആരോഗ്യ വിഭാഗത്തിലെത്തിയ പ്രതിപക്ഷ കൗൺസിലർമാർ ഹെൽത്ത് ഇൻസ്പെക്ടർ സിജുവിന്റെ കാബിനിൽ കുത്തിയിരുന്നു. ഇൻസ്പെക്ടറെ മണിക്കൂറുകളോളം കൗൺസിലർമാർ ഉപരോധിച്ചു. തുടർന്ന് പ്രതിഷേധിച്ച കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ടെൻഡർ വിളിച്ചശേഷം മാലിന്യം തൂക്കിയെടുക്കുന്ന കമ്പനിയുമായി കരാറുണ്ടാക്കാനുള്ള നീക്കം അഴിമതിയാമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു പറഞ്ഞു. കൗൺസിലർമാരായ ജിജോ ചിങ്ങത്തറ,പി.സി. മനൂപ്, അജുന ഹാഷിം, കെ.എൻ. ജയകുമാരി, റസിയ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.