ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്
1299137
Thursday, June 1, 2023 12:51 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡ് തൃക്കാരിയൂര്‍ തുളുശേരിക്കവല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. ബിജെപിയില്‍നിന്ന് സിപിഎമ്മിലെ അരുണ്‍ സി. ഗോവിന്ദിലൂടെയാണ് സിപിഎം സീറ്റ് പിടിച്ചെടുത്തത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
ഇതോടെ 21 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് അംഗബലം പതിനാലായി. യുഡിഎഫിന് അഞ്ചും ബിജെപിക്ക് രണ്ടും അംഗങ്ങളും വീതമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ ബിജെപിക്ക് അംഗസംഖ്യ മൂന്നില്‍നിന്ന് രണ്ടായി. പോള്‍ ചെയ്ത 1398 വോട്ടില്‍ 640 എണ്ണം അരുണ്‍ സി. ഗോവിന്ദിന് ലഭിച്ചു. ബിജെപിയിലെ ഉണ്ണികൃഷ്ണന് മാങ്ങോടിന് 541 വോട്ടും യുഡിഎഫിലെ വിജിത്ത് വിജയന് 217 വോട്ടുമാണ് ലഭിച്ചത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫ് ആഹ്ലാദപ്രകടനം നടത്തി. അരുണ്‍ രണ്ടാംവട്ടമാണ് പഞ്ചായത്തംഗമാകുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ ഏഴാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു. ബിജെപിയിലെ സനല്‍ പുത്തന്‍പുരക്കല്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ 194 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ തവണ ബിജെപിക്ക് 797 വോട്ടും സിപിഎമ്മിന് 605 വോട്ടുമാണ് ലഭിച്ചത്.