അണിഞ്ഞൊരുങ്ങി സ്കൂളുകള്‍
1299133
Thursday, June 1, 2023 12:50 AM IST
കൊച്ചി: ആദ്യാക്ഷരം നുകരാന്‍ സ്കൂളിലേക്ക് വരുന്ന കുരുന്നുകളെ ഉള്‍പ്പടെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി ജില്ലയിലെ സ്കൂളുകള്‍. 15,734 കുട്ടികളാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇന്നലെ ഉച്ചവരെയുള്ള കണക്കാണിത്. ആദ്യമായി സ്കൂളിലെത്തുന്ന കുരുന്നുകളെ മധുരം നല്‍കിയും പാട്ടുപാടിയും അധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ഥികളും സ്വീകരിക്കും.
പ്രവേശനോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളില്‍ ക്രമികരിച്ചിട്ടുള്ളത്. പരിസരവും ക്ലാസ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചു. ശുചിമുറികളും കുടിവെള്ള ടാങ്കും കിണറുകളും മറ്റു ജലസ്രോതസുകളും ശുചീകരിച്ചു. എല്ലാവിധ സുരക്ഷയോടെയുമാണ് കൂട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കുക.
എറണാകുളം ഗവ. ഗേള്‍സ് എച്ച്എസ്എസിലാണ് ഇത്തവണത്തെ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം. രാവിലെ 10ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎല്‍എ, ഹൈബി ഈഡന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ വികസന കമ്മിഷണര്‍ എം.എസ്. മാധവിക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും. പ്രവേശനോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പറഞ്ഞു.
ആശങ്കയോടെ അധ്യാപകര്‍
വലിയ അവധിക്ക് ശേഷം കുട്ടികള്‍ സ്കൂളുകളിലേക്ക് തിരിച്ചെത്തുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ വലിയ ആശങ്കയാണ് അധ്യാപകര്‍ക്കുള്ളത്. താത്കാലിക അധ്യാപക നിയമനം, ഉച്ചഭക്ഷണത്തിനുള്ള തുക, സ്കൂളുകളിലെ ഇന്റര്‍നെറ്റ് കണക്ഷന് എന്നിവയില്‍ നടപടികള്‍ എടുത്തിട്ടില്ലെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇവര്‍.
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ സ്കൂള്‍ അടയ്ക്കുന്നതിനു മുന്‍പ് ചെലവഴിച്ച തുക ഇതുവരെ അനുവദിച്ചിട്ടില്ല. കൈയില്‍നിന്ന് പണമെടുത്ത പല അധ്യാപകരും വിരമിക്കുകയും ചെയ്തു. നിലവിലുള്ള നിരക്ക് പുതുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ചെലവഴിച്ച തുകയും ജൂണിലേക്ക് ആവശ്യമായ തുകയും അനുവദിക്കുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.