അറവ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടി
1299132
Thursday, June 1, 2023 12:50 AM IST
കൂത്താട്ടുകുളം: പാലക്കുഴ കരിമ്പനയിൽ അറവ് തൊഴിലാളിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം അമ്പൂരി സ്വദേശി ബിനു എന്നു വിളിക്കുന്ന രാധാകൃഷ്ണനെ(47) ആണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് തമിൾനാട് കടയം ഭാരതി നഗർ സ്വദേശി നാഗാർജുൻ (22) അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ നാലുമണിയോടെ രാധാകൃഷ്ണന്റെ മൃതദേഹം പാലക്കതടത്തിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനയിലെ വീട്ടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണ്ടപ്പള്ളിയിൽ അറവുശാല നടത്തിവരുന്ന ബിജുവിന്റെ കടയിലെ ജീവനക്കാരാണ് മരണപ്പെട്ട രാധാകൃഷ്ണനും അറസ്റ്റിലായ നാഗാർജുനും.
കൊല്ലപ്പെട്ട രാധാകൃഷ്ണനും നാഗാർജുനും തമ്മിൽ ചൊവ്വാഴ്ച പകൽ വാക്കുതർക്കം ഉണ്ടായതായും താൻ ഇടപെട്ട് തർക്കം പരിഹരിച്ചിരുന്നുവെന്നും ബിജു പറഞ്ഞു. ബുധനാഴ്ച രാവിലെ ഇരുവരും കടയിൽ എത്താത്തത്തിതുടർന്ന് വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ബിജു മരണവിവരം അറിയുന്നത്. ബിജു എത്തിയപ്പോഴേക്കും നാഗാർജുൻ താമസസ്ഥലത്തുനിന്നു സാധനങ്ങളുമായി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ബിജു വിവരം കൂത്താട്ടുകുളം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ നാഗാർജുൻ തെങ്കാശിയിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചു.തുടർന്ന് ചെങ്കോട്ട പോലീസിന്റെ സഹായത്തോടെ നാഗാർജുനനെ പിടികൂടുകയായിരുന്നു. പിടിയിലായ നാഗാർജുനെ കൂത്താട്ടുകുളം പോലീസിനു കൈമാറി. സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിലാണ് അർജുനിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിനു ശേഷം തുടർനടപടികൾ പൂർത്തിയാക്കും.
പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് ഭാഗമായി കൊലപാതകം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ എത്തി പരിശോധന നടത്തി. മൃതദേഹത്തിൽനിന്ന് വീടിന്റെ പരിസരത്തു നിന്നും വിരലടയാളങ്ങൾ ശേഖരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കൊല്ലപ്പെട്ട രാധാകൃഷ്ണൻ അവിവാഹിതനാണ്.