ടാർ കയറ്റിവന്ന ടാങ്കർ ലോറി മരത്തിലിടിച്ചു
1299126
Thursday, June 1, 2023 12:50 AM IST
കരുമാലൂർ: ടാർ കയറ്റി വന്ന ടാങ്കർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലും മരത്തിലുമിടിച്ച് അപകടം. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. റോഡിൽ അധികം വാഹനങ്ങൾ ഇല്ലാതിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. മംഗലാപുരത്തുനിന്ന് എടയാർ ടാർ മിക്സിംഗ് പ്ലാന്റിലേക്കു ടാർ കയറ്റി പോകുകയായിരുന്ന ടാങ്കറാണ് ആലുവ പറവൂർ കെഎസ്ആർടിസി പാതയിൽ തട്ടാംപടി കവലയ്ക്കു സമീപം അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി എൽദോ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നിയന്ത്രണംവിട്ട ടാങ്കർ ആദ്യം റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും തുടർന്ന് മരങ്ങളിലും സമീപത്തെ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു മരങ്ങൾ കടപുഴകി വീണു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്നു റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിനു ശേഷമാണ് ഗതാഗതം പുനരാരംഭിക്കാനായത്.
ഏകദേശം അഞ്ഞൂറ് ബാരലോളം ടാറാണു ടാങ്കറിലുണ്ടായിരുന്നതെന്ന് കണക്കാക്കുന്നു. ഇന്നലെ വൈകിട്ടോടെ ഇത് മറ്റു ടാങ്കറിലേക്കു മാറ്റി. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണു നിഗമനം.