ബ്രഹ്മപുരത്തേക്ക് മാലിന്യം: വിചിത്ര കണക്കുമായി കോര്പറേഷന്
1298831
Wednesday, May 31, 2023 4:45 AM IST
കൊച്ചി: ബ്രഹ്മപുരത്ത് എത്ര ടണ്‍ മാലിന്യം കൊണ്ടുപോകുന്നു എന്നതിന് കോര്‍പറേഷന്റെ പക്കലുള്ളത് വിചിത്രമായ കണക്ക്. ദിവസേന 250 ടണ്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നു എന്നാണ് കോര്പറേഷന് രേഖകളിലുള്ളത്. പ്രതിപക്ഷം കണക്കില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് മേയര്‍ വിശദീകരണം തേടി. ജനസംഖ്യാനുപാതത്തിലാണ് മാലിന്യത്തിന്റെ അളവ് കണക്കാക്കിയെതെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
ഒരു ലക്ഷം മുതല്‍ പത്തുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ 300 ടണ്‍ മാലിന്യം ദിവസേന പുറംതള്ളുന്നുവെന്നതാണ് അംഗീകൃത കണക്ക്. അങ്ങനെങ്കില്‍ 6.70 ലക്ഷം ജനസംഖ്യയുള്ള കൊച്ചിയില്‍ 250 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് 250 ടണ്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് രേഖപ്പെടുത്തിയതെന്നാണ് കോര്പറേഷന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് കൗണ്‍സിലിനെ ധരിപ്പിച്ചത്.
മാലിന്യം കൂട്ടിക്കാണിച്ചാല്‍ അത് കരാര്‍ കമ്പനിക്ക് ഗുണം ചെയ്യുകയേയുള്ളെന്ന് വിളപ്പില്‍ശാല പ്രശ്നം ചൂണ്ടിക്കാട്ടി മേയര്‍ പറഞ്ഞു. തരംതിരിക്കാതെ കൊണ്ടുപോയിരുന്ന കാലത്ത് പോലും 150 ടണ്ണില്‍ കൂടുതല്‍ മാലിന്യം ബ്രഹ്മപുരത്ത് എത്തിയിരുന്നില്ല. നിലവില്‍ മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നതിനാല്‍ 120 ടണ്‍ ജൈവമാലിന്യങ്ങള്‍ മാത്രമേ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നുള്ളു. കണക്കിലെ വൈരുധ്യം പരിശോധിച്ച് തിരുത്തല്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം മേയര്‍ നല്കി.
100 ടണ്‍ സംസ്കരണ ശേഷിയുള്ള പ്ലാന്റ് ആവശ്യപ്പെടും: മേയര്‍
കൊച്ചി: ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്കരണത്തിനായി 100 ടണ്‍ സംസ്കരണ ശേഷിയുള്ള പുതിയ വിന്‍ഡ്രോ കന്പോസ്റ്റിംഗ് പ്ലാന്റ് ആവശ്യപ്പെടാന്‍ കൗണ്‍സിലില്‍ തീരുമാനം. മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മാണം വൈകുമെന്നതിനാലാണ് പുതിയ വിന്‍ഡ്രോ കന്പോസ്റ്റിംഗ് പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
50 ടണ്‍ സംസ്കരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ 120 ടണ്‍ മാലിന്യം പുറംതള്ളുന്ന കൊച്ചിയില്‍ 50 ടണ്‍ പ്ലാന്റ് അപര്യാപ്തമാണെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് 100 ടണ്ണിന്റെ പ്ലാന്റ് ആവശ്യപ്പെടാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിച്ചും വികേന്ദ്രീകരണം കാര്യക്ഷമമാക്കിയും ബ്രഹ്മപുരത്ത് എത്തിക്കുന്ന ജൈവമാലിന്യത്തിന്റെ അളവ് 100 ടണ്ണില്‍ താഴെയായി കുറയ്ക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു.