എന്‍ജിനീയര്‍മാരെ വിളിച്ചു വരുത്തുമെന്ന് ഹൈക്കോടതി
1298830
Wednesday, May 31, 2023 4:45 AM IST
കൊച്ചി: മഴക്കാലം അടുത്തെത്തിയ സാഹചര്യത്തില്‍ കാനകളിലെയും തോടുകളിലെയും ചെളി നീക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കൊച്ചി നഗരസഭയിലെ അസി. എന്‍ജിനീയര്‍മാരെ വിളിച്ചു വരുത്തുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മുല്ലശേരി കനാല്‍ നവീകരണത്തിന്റെ ഭാഗമായി എംജി റോഡ് വെട്ടിമുറിച്ചുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ വേഗം പൂര്‍ത്തിയാക്കാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഈ ഉത്തരവു നല്‍കിയത്. പിആന്‍ഡ്ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടങ്ങളില്‍ ഒന്നിന്റെ നിര്‍മാണം ജൂണ്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് ഹൈക്കോടതി നിര്‍ദേശം നല്കി. പണികള്‍ പൂര്‍ത്തിയാക്കാന്‍ 2.38 കോടി രൂപ കൈമാറിയിട്ടും കരാറുകാരന് നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ജിസിഡിഎയുടെ അഭിഭാഷക ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിര്‍ദേശം.
കമ്മട്ടിപ്പാടത്ത് റെയില്‍വെ കലുങ്കിനടിയിലെ ചെളി നീക്കാനുള്ള നടപടി തുടങ്ങിയെന്ന റെയില്‍വെ അറിയിച്ചു. കലുങ്ക് പുതുക്കിപ്പണിയുന്നതിന് റെയില്‍വെ ചീഫ് എന്‍ജിനീയറുടെ അനുമതി വേണമെന്നും വിശദീകരിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും നിർദേശിച്ചു. മുല്ലശേരി കനാല്‍ നവീകരണത്തിന് ചിറ്റൂര്‍ റോഡ് വെട്ടിമുറിക്കാന്‍ നഗരസഭ അനുമതി നല്‍കാനും നിർദേശമുണ്ട്.
നഗരത്തിലെ തട്ടുകടകളടക്കമുള്ളവ മാലിന്യങ്ങള്‍ കാനയില്‍ തള്ളുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണം. ചെളി നീക്കാനുള്ള റോബോട്ടിക് യന്ത്രം കൊണ്ടുവന്നിട്ടും ഇതു ഉപയോഗിക്കാനാകില്ലെങ്കില് നാണക്കേടാണെന്നും കോടതി അഭിപ്രായപ്പെട്ടു. ചെളിനീക്കത്തിന് ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കണം. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.