ഹെറോയിൻ വേട്ട: അന്വേഷണം അന്താരാഷ്ട്ര സംഘങ്ങളിലേക്ക്
1298827
Wednesday, May 31, 2023 4:45 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട സംബന്ധിച്ച അന്വേഷണം അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥന്മാരാണ് അന്വേഷണം നടത്തുന്നത്.
വിമാനത്താവളത്തിൽ 1.5 കിലോഗ്രാം ഹെറോയിനുമായി പിടിയിലായ കിഴക്കൻ ആഫ്രിക്കയിലെ ബ്രുണ്ടി രാജ്യത്ത് നിന്നുള്ള നഹിമന എന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. യുവതി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ കാരിയർ ആണെന്ന് വ്യക്തമായി. ഇവരെ ഇന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.
രണ്ടാഴ്ച മുമ്പ് നെടുമ്പാശേരിയിൽ യൂസഫ് ഫാലുദിൻ എന്ന വിദേശിയുടെ പക്കൽനിന്ന് 40 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. മാസങ്ങൾക്ക് മുൻപ് ആഫ്രിക്കൻ പൗരനിൽ നിന്നു രണ്ടു കോടിയോളം രൂപയുടെ മയക്കുമരുന്നും പിടിച്ചെടു ത്തിരുന്നു. ഈ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്ന് തെളിയിക്കാനാകാത്തതിനാൽ കേസ് കോടതി തള്ളുകയായിരുന്നു.