ഇഴജന്തുക്കളുടെ താവളമായി ആലുവ മൃഗാശുപത്രി പരിസരം
1298823
Wednesday, May 31, 2023 4:45 AM IST
ആലുവ: ആലുവ മൃഗാശുപത്രിയും പരിസരവും കാട് വളർന്ന് ഉഗ്രവിഷമുള്ള ഇഴജന്തുക്കള്‍ താവളമാക്കിയതോടെ ജീവനക്കാരും പ്രദേശവാസികളും ആശങ്കയിൽ. കഴിഞ്ഞ ദിവസം സിനിമാ സംവിധായകൻ അൽഫോൻസ് പുത്രന്റെ വീടിന്റെ പരിസരത്തുനിന്ന് 16 ഓളം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെയാണ് കൂടുതൽ ഭീതിയിലായത്.
പവർഹൗസ് ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മാറിയാണ് മൃഗാശുപത്രി. ജില്ലാ വെറ്റിനറി സ്റ്റോർ, സംയോജിത കന്നുകാലി വികസന പദ്ധതി ഓഫീസ്, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, പ്രാദേശിക കൃത്രിമ ബീജസങ്കലന കേന്ദ്രം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന നാലര ഏക്കര്‍ സ്ഥലത്തെ ഏറിയ ഭാഗവും കാടുമൂടിയിരിക്കിടക്കുകയാണ്. 2015 മുതലാണ് ആശുപത്രി അവഗണിക്കപ്പെട്ട നിലയിലായത്. ആശുപത്രിയിലെ മരുന്നുകൾ സൂക്ഷിക്കുന്ന മേഖലയിൽ ഇടയ്ക്കിക്ക് അണലികളെ കണ്ടെത്തുന്നതും വാർത്തയാകാറുണ്ട്.
മൃഗാശുപത്രിയോട് ചേർന്നുള്ള ജില്ലാ വെറ്ററിനറി സ്റ്റോറിനുള്ളിലും വിഷപ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍നിന്ന് എത്തിക്കുന്ന മരുന്നുകള്‍ ഇവിടെ സംഭരിച്ചുവച്ച ശേഷമാണ് ഉപ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ആശുപത്രിയോടനുബന്ധിച്ചുള്ള ക്വാര്‍ട്ടേഴ്സുകളും പാമ്പു ഭീഷണിയിലാണ്. കാട് വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെ ശല്യമില്ലാതെ ജോലിചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.